ന്യൂഡൽഹി: ബിഹാറിലെ വിശാല മതേതര സഖ്യം പൊളിച്ച് രാജിവെച്ച ജനതാദൾ-യു നേതാവ് നിതീഷ് കുമാർ ബി.െജ.പി പിന്തുണ സ്വീകരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും മുഖ്യമന്ത്രിയായി. ഉപമുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് സുശീൽകുമാർ മോദിയും സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച പുതിയ മന്ത്രിസഭ നിയമസഭയിൽ വിശ്വാസവോട്ട് തേടും. മറ്റു മന്ത്രിമാർ പിന്നാലെ സത്യപ്രതിജ്ഞ ചെയ്യും.
അഴിമതിക്കേസ് വിഷയമാക്കി ആർ.ജെ.ഡിയെ വിട്ട് ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് നിതീഷ് കുമാർ ഗവർണർ കേസരിനാഥ് ത്രിപാഠിക്ക് രാജിക്കത്ത് നൽകിയത്. തൊട്ടുപിന്നാലെ നിതീഷിന് ബി.ജെ.പി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹം അത് സ്വീകരിച്ചു.
രാത്രി വൈകിയും തുടർന്ന നാടകീയതകൾക്കൊടുവിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം നിതീഷ് ഗവർണറെ വീണ്ടും കണ്ട് പുതിയ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചു. രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്യാൻ നിതീഷിനെ ഗവർണർ ക്ഷണിച്ചു. നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഇത് ആറാം തവണയാണ്.
ഗവർണറുടെ തീരുമാനം കോടതി കയറാൻ ഒരുങ്ങുകയാണ്. നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആർ.ജെ.ഡിയാണെന്നിരിക്കെ, തങ്ങളെ ആദ്യം സർക്കാറുണ്ടാക്കാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവും സംഘവും രാജ്ഭവനിലെത്തി ഗവർണറോട് കയർത്തു. എന്നാൽ, അദ്ദേഹം നിലപാട് മാറ്റിയില്ല.
ഗവർണറുടെ തീരുമാനം കോടതിയിൽ ചോദ്യംചെയ്യാനുള്ള പുറപ്പാടിലാണ് ആർ.ജെ.ഡി. നിതീഷ് എടുത്ത തീരുമാനത്തോട് പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്.
ഡൽഹിയിലുള്ള മുതിർന്ന നേതാവ് ശരദ് യാദവിനോടുപോലും കൂടിയാേലാചിക്കാതെയാണ് നിതീഷ് രാജിക്കത്ത് നൽകുകയും ബി.ജെ.പി പിന്തുണ സ്വീകരിക്കുകയും ചെയ്തത്. തെൻറ മനസ്സ് നിതീഷിനെ പിന്തുണക്കുന്നില്ലെന്ന് പാർട്ടി എം.പി അൻവർ അലി തുറന്നടിച്ചു.
നരേന്ദ്ര മോദിയെ നേരിടാൻ കെൽപുള്ള പ്രധാനമന്ത്രി സ്ഥാനാർഥിയായി വരെ കണ്ട നിതീഷ് കുമാർ മൂന്നു വർഷം അണിഞ്ഞ മതേതര വേഷം അഴിച്ചുവെച്ച് വീണ്ടും കാവിരാഷ്ട്രീയത്തിെൻറ അകമ്പടിക്കാരനായത് പ്രതിപക്ഷ ചേരിയെ അപ്പാടെ തളർത്തിയിട്ടുണ്ട്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാൻ പ്രതിപക്ഷത്തിനുള്ള ധൈര്യം ചോർത്തുന്നതാണ് നിതീഷിെൻറ നിറംമാറ്റം. നിതീഷിനെ വിശ്വാസ്യതയില്ലാത്ത അവസരവാദിയായി പ്രതിപക്ഷം മുദ്രകുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.