നൂഹ്: കഴിഞ്ഞ ദിവസത്തെ വർഗീയ കലാപത്തിനിടെ 4000ഓളം പേരെ അമ്പലത്തിൽ തടഞ്ഞുവെച്ചതായുള്ള ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ അവകാശവാദം തള്ളി അതേ അമ്പലത്തിലെ പൂജാരി. സാവൻ മാസമായതിനാൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കായിരുന്നെന്ന് നൽഹാർ മഹാദേവ് അമ്പലത്തിലെ പൂജാരിയായ ദീപക് ശർമ ‘ദ വയറി’നോട് പറഞ്ഞു.
തിങ്കളാഴ്ച ശോഭയാത്രക്കിടെ സംഘർഷമുണ്ടായതിനാൽ ആളുകൾ ക്ഷേത്രത്തിനുള്ളിൽതന്നെ നിൽക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഭക്തരെ എങ്ങനെ ബന്ദികളാക്കാനാകും? അവർ ദൈവത്തിന്റെ അഭയത്തിലായിരുന്നു. പക്ഷേ, പുറത്തെ സാഹചര്യം നല്ലതല്ലെന്ന് മനസ്സിലാക്കി ക്ഷേത്രത്തിനുള്ളിൽതന്നെ ചെലവഴിക്കുകയായിരുന്നു’- ദീപക് ശർമ പറഞ്ഞു.
ഭക്തരെ അമ്പലത്തിനുള്ളിൽ ബന്ദിയാക്കിയെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തിങ്കളാഴ്ചത്തെ കലാപം ആളിക്കത്തിക്കാനിടയാക്കിയതായി ആരോപണമുയർന്നിരുന്നു.
അതിനിടെ, തങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാൻ കഴിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇന്നലെ പറഞ്ഞിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വർഗീയ സംഘർഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ ആറു പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളും കടകളും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അക്രമി സംഘങ്ങൾ കത്തിച്ചു. 116 പേരെ അറസ്റ്റ് ചെയ്യുകയും 190 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിൽ ആളുകൾക്കുണ്ടായ നഷ്ടം കലാപകാരികളിൽനിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. സമാധാനവും സൗഹൃദവും സൂക്ഷിക്കാൻ ജനങ്ങളോട് അഭ്യർഥിച്ച മുഖ്യമന്ത്രി, ഇക്കാര്യം പൊലീസിനോ സൈന്യത്തിനോ ഗ്യാരണ്ടി നൽകാനാവില്ലെന്നും പറഞ്ഞു. കൊല്ലപ്പെട്ട ഹോംഗാർഡുമാരുടെ കുടുംബത്തിന് 57 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു.
നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.