ദിശയുടെ ജാമ്യാപേക്ഷയിൽ വിധി 23ന്; ടൂൾകിറ്റും അക്രമവും തമ്മിൽ എന്ത് ബന്ധമെന്ന് ഡൽഹി പൊലീസിനോട് കോടതി

ന്യൂഡൽഹി: ഗ്രെറ്റ തുൻബർഗ് ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ കാലാവസ്ഥാ പ്രവർത്തക ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച. ജാമ്യാപേക്ഷയിൽ പട്യാല ഹൗസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ദിശയുടെ പ്രവൃത്തിയെന്നും ജാമ്യം നൽകരുതെന്നും ഡൽഹി പൊലീസ് കോടതിയിൽ വാദിച്ചു.

കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്‍റെ അനുമാനങ്ങളിൽ ജഡ്ജി ധർമേന്ദ്ര റാണ സംശയം പ്രകടിപ്പിച്ചു. പൊലീസിന്‍റെ വാദങ്ങൾ തനിക്ക് ബോധ്യമാകണമെന്ന് വ്യക്തമാക്കിയ ജഡ്ജി വിധി 23ലേക്ക് മാറ്റുകയായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട സാഹചര്യമെന്തെന്നും കോടതി ചോദിച്ചു.

അതേസമയം, വിഘടവാദികളുമായി ദിശക്ക് യാതൊരു ബന്ധവുമില്ലെന്ന് അവരുടെ അഭിഭാഷകൻ വ്യക്തമാക്കി. ദിശ ബന്ധപ്പെട്ടതായി പറയുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന സംഘടന നിരോധിക്കപ്പെട്ട സംഘടനയല്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോയെന്നും അതോ വെറുതെ അനുമാനിക്കുകയാണോ എന്നും ഡല്‍ഹി പോലീസിനോട് കോടതി ചോദിച്ചു. അക്രമങ്ങളുമായി ദിശ രവിക്ക് എന്ത് ബന്ധമെന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നുവെന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ മറുപടി. 

കർഷക സമരത്തെ പിന്തുണക്കാൻ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് ഡോക്യുമെന്‍റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് കേസെടുത്ത് ദിശ രവിയെ ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ദിശയും കൂട്ടരുമാണ് ടൂൾകിറ്റ് ഗ്രെറ്റക്ക് നൽകിയതെന്നാണ് പൊലീസ് വാദം. അഞ്ച് ദിവസമായി പൊലീസ് കസ്റ്റഡിയിലും ശേഷം രണ്ട് ദിവസമായി ജയിലിലും കഴിയുകയാണ് 22കാരിയും വിദ്യാർഥിനിയുമായ ദിശ രവി. 

Tags:    
News Summary - No Bail For Disha Ravi Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.