മുംബൈ: സമാധാനത്തെക്കുറിച്ച് ഒരു രാജ്യവും മറ്റൊന്നിനോട് പ്രസംഗിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യയിൽ ജനാധിപത്യമല്ലെന്ന് ആർക്കും പറയാനാകില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ടൈംസ് നെറ്റ്‌വർക്ക് ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ബോറിസ്. ഹൗസ് ഓഫ് ലോർഡ്‌സിൽ "ഇന്ത്യയിലെ സർക്കാരിതര സംഘടനകളുടെയും അക്കാദമിക വിദഗ്ധരുടെയും മറ്റ് ഗ്രൂപ്പുകളുടെയും സ്വാതന്ത്ര്യം" എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ന്യൂഡൽഹി സന്ദർശന വേളയിൽ വിഷയം ചർച്ച ചെയ്യാൻ ബ്രിട്ടീഷ് എം.പിമാരും ബോറിസിനോട് ആവശ്യപ്പെട്ടിരുന്നു.
"ഒരു രാജ്യത്തിന്റെ ജോലി മറ്റൊരു രാജ്യത്തോട് പ്രസംഗിക്കുകയാണെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ അവിശ്വസനീയമായ രാജ്യമാണ്. 1.35 ബില്യൺ ജനങ്ങൾ. ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ഇന്ത്യ ജനാധിപത്യമല്ലെന്ന് ആർക്കും പറയാനാവില്ല. അതൊരു അസാധാരണ സ്ഥലമാണ്" -അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അതിർത്തിയിലെ ചൈനയുടെ നുഴഞ്ഞുകയറ്റത്തെ യു. കെ അപലപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തന്റെ രാജ്യം എല്ലായ്‌പ്പോഴും പ്രാദേശിക അഖണ്ഡതയുടെ ലംഘനങ്ങളെ അപലപിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
അതുകൊണ്ടാണ് യുക്രെയ്നിൽ സംഭവിച്ചതിനെ ഞാൻ ശക്തമായി അപലപിക്കുന്നത്. സ്വേച്ഛാധിപത്യം എങ്ങനെ പെരുമാറുന്നു എന്ന പാഠം നമ്മൾ പഠിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.