ന്യൂഡൽഹി: വാക്സീൻ സ്വീകരിച്ചശേഷം രണ്ടാമതും കോവിഡ് ബാധിച്ചവരിൽ ഒരാൾ പോലും ഏപ്രിൽ– മേയ് മാസങ്ങളിൽ മരിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ട്. വാക്സീൻ സ്വീകരിച്ചവർക്കും രണ്ടാം തരംഗത്തിൽ കോവിഡ് ബാധിക്കുന്ന ബ്രേക് ത്രൂ വ്യാപനത്തെക്കുറിച്ചുള്ള സൂക്ഷ്മ പഠനത്തിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ ജീനോം സീക്വൻസിങ്ങിലാണ് ഈ കണ്ടെത്തൽ.
വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാമതും കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് ഏപ്രിൽ–മേയ് മാസത്തിലാണ് എയിംസ് പഠനം നടത്തിയത്. രണ്ടാം തരംഗത്തിൽ ഈ വിഷയത്തിൽ നടക്കുന്ന ആദ്യപഠനമായിരുന്നു ഇത്. ശരീരത്തിൽ വൈറസ് വ്യാപനത്തിന്‍റെ തോതു കൂടുതലാണെങ്കിലും വാക്സിൻ സ്വീകരിച്ച ശേഷം വീണ്ടും രോഗം ബാധിച്ചവരിൽ ഒരാൾ പോലും ഇക്കാലയളവിൽ മരിച്ചിട്ടില്ല എന്ന് പഠനത്തിൽ കണ്ടെത്തി.
63 ബ്രേക് ത്രൂ ഇൻഫക്ഷൻ കേസുകളാണ് പഠനവിധേയമാക്കിയത്. ഇതിൽ 36 പേർ രണ്ട് ഡോസ് വാക്സിനും 27 പേർ ഒരു ഡോസും സ്വീകരിച്ചവരായിരുന്നു. ഇതിൽ 53 പേർ കോവാക്സിനും 10 പേർ കോവിഷീൽഡുമാണ് എടുത്തത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി ശരീരത്തിൽ ഉണ്ടായിട്ടും രോഗബാധിതരായവരാണ് ഇവർ.
ഇവരിൽ ചിലരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവന്നതോടെ വാക്സിൻ നൽകുന്ന സുരക്ഷയെ സംബന്ധിച്ചു ആശങ്കയുയർന്നിരുന്നെന്നും ഈ സാഹചര്യത്തിലാണ് പഠനം നടത്തിയതെന്നും എയിംസ് അധികൃതർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച ആളുകൾക്കു പോലും വീണ്ടും കോവിഡ് ബാധിക്കാനും മരിക്കാനും നേരിയ സാധ്യതകളുണ്ടെന്ന് യു.എസ് ആരോഗ്യ ഏജൻസിയായ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പറഞ്ഞിരുന്നു.
എന്നാൽ, എയിംസ് പഠനവിഷയമാക്കിയെടുത്തവരിൽ ഒരാള്‍ക്കു പോലും ഗുരുതരമായ രോഗബാധ കണ്ടെത്തിയില്ല. മിക്കവര്‍ക്കും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. 21നും 92നും ഇടക്ക് പ്രായമുള്ള 63 പേരിലാണ് പഠനം നടത്തിയത്. ഇതിൽ 41 പേർ പുരുഷന്മാരും 22 പേർ സ്ത്രീകളുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.