ന്യൂഡൽഹി: സവാളക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയ കേന്ദ്ര സർക്കാർ നയത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ രണ്ടോ മൂന്നോ മാസം ജനങ്ങൾ സവാള കഴിച്ചില്ലെന്ന് കരുതി പ്രശ്നമൊന്നുമില്ലെന്ന് മഹാരാഷ്ട്ര പി.ഡബ്ല്യു.ഡി മന്ത്രിയും ശിവസേന ഷിൻഡെ വിഭാഗം നേതാവുമായ ദാദാ ഭൂസെ. കയറ്റുമതി തീരുവ ചുമത്താനുള്ള തീരുമാനം കൃത്യമായ ഏകോപനത്തോടെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പത്ത് ലക്ഷം രൂപ വിലയുള്ള വാഹനം ഉപയോഗിക്കുന്ന ഒരാൾക്ക് വിലയേക്കാൾ 10 രൂപയോ 20 രൂപയോ ഉയർന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാനാകും. ഉള്ളി വാങ്ങാൻ കഴിയാത്തവർക്ക് രണ്ടോ മൂന്നോ മാസം അത് കഴിച്ചില്ലെന്ന് കരുതി പ്രശ്നമൊന്നുമില്ല. ചിലപ്പോൾ സവാളക്ക് ക്വിന്‍റലിന് 200 രൂപ കിട്ടും. ചിലപ്പോൾ ക്വിന്‍റലിന് 2000 രൂപ വരെ കിട്ടും. വിശദമായി ചർച്ച നടത്തിയ ശേഷം വിഷയത്തിൽ പരിഹാരം കണ്ടെത്താമായിരുന്നു" - ഭൂസെ പറഞ്ഞു.
ആഗസ്റ്റ് 19നാണ് കേന്ദ്രസർക്കാർ സവാളക്ക് കയറ്റുമതി തീരുവ ഏർപ്പെടുത്തിയത്. സവാളയുടെ വിലക്കയറ്റം തടയാനും വിപണിയിൽ ലഭ്യത ഉറപ്പുവരുത്താനുമാണ് കയറ്റുമതി തീരുവ ഏർപ്പെടുത്തിയതെന്നാണ് സർക്കാരിന്‍റെ വിശദീകരണം.
ഇതിന് പിന്നാലെ കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് നാസിക്കിലെ സവാള മൊത്തവ്യാപാരം വ്യാപാരികൾ നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.