ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ നടന്ന കർഷക സമരത്തിനിടെ ഒരു കർഷകനും പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി കേന്ദ്രസർക്കാർ. രാജ്യസഭയിൽ നൽകി മറുപടിയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. കർഷക സമരത്തിനിടെ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാറുകളാണെന്ന് അദ്ദേഹം.
കർഷകസമരത്തിനിടെ ഒരാളും പൊലീസ് നടപടിയിൽ െകാല്ലപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കോൺഗ്രസ് നേതാവ് ധീരരാജ് പ്രസാദ്, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് എന്നിവരുടെ ചോദ്യങ്ങൾക്കാണ് കൃഷിമന്ത്രിയുടെ മറുപടി. കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ പദ്ധതിയുണ്ടോയെന്നായിരുന്നു ഇരുവരുടേയും ചോദ്യം.
ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതോടെ അതിർത്തിയിലെ ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിച്ചിരുന്നു. മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി അടക്കം ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കാമെന്നാണ് രേഖാമൂലം കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
മിനിമം താങ്ങുവിലക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി നിയമ ഭേദഗതി ചർച്ചയില്ലാതെ നടപ്പാക്കില്ല എന്നാണ് നൽകിയിരിക്കുന്ന മറ്റൊരു ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.