'അതൊന്നും വിദ്വേഷ പ്രസംഗങ്ങളല്ല; സമുദായ ശാക്തീകരണ പ്രസംഗങ്ങൾ' -ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ധരം സൻസദിൽ (ഹിന്ദു മത പാർലമെന്റ്) നടന്നത് ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള കൊലവിളി പ്രസംഗങ്ങൾ ആയിരുന്നില്ലെന്നും, സ്വസമുദായത്തെ ശാക്തീകരിക്കാനുള്ള പ്രസംഗങ്ങളായിരുന്നുവെന്നും ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ. അസ്തിത്വത്തിന് നേരെയുള്ള ഭീഷണികളെ നേരിടാൻ തയാറാകണമെന്നാണ് അവിടെ നടന്ന പ്രസംഗങ്ങളിലുള്ളതെന്നും ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. 

ധരം സൻസദിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് അവസാനിപ്പിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു. 2021 ഡിസംബർ 19ന് ഡൽഹിയിൽ നടന്ന പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമീഷണർ ഇഷ പാണ്ഡെ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പരിപാടിയിൽ മുസ്ലിംകൾക്കെതിരെ പ്രകോപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ മതങ്ങളുടെയും പ്രത്യേകതകൾ ചർച്ച ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.

വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ എസ്‌.ക്യു.ആർ. ഇല്യാസും ഫൈസൽ അഹമ്മദുമാണ് വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഗോവിന്ദ്പുരി മെട്രോ സ്‌റ്റേഷനു സമീപത്ത് ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച ഘോഷയാത്രയിൽ വിദ്വേഷ പ്രസംഗങ്ങളിലൂടെ ജനവികാരം ഇളക്കിവിട്ടതായി പരാതിയിൽ പറഞ്ഞു. ഇത് മേഖലയിൽ പരിഭ്രാന്തി പരത്തിയെന്നും പരാതിയിൽ പറഞ്ഞു.

വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സമഗ്രമായ അന്വേഷണം ആരംഭിച്ചെന്നാണ് പൊലീസ് വാദം. പരിപാടിയുടെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു സമുദായത്തിനെതിരെയും പ്രത്യേകം പ്രസ്താവനകളൊന്നും തന്നെ നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. അതിനാൽ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാതികളിലും അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾ നിർത്തിവെച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച നടന്ന വാദത്തിനിടെ ഡൽഹി പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.

ഹരിദ്വാർ വിദ്വേഷ പ്രസംഗം; തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീകോടതി

ന്യൂഡല്‍ഹി: കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധരം സന്‍സദില്‍ മുസ്ലിംകള്‍ക്കെതിരേ വംശഹത്യാ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി.

വിഷയത്തില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി, മുതിര്‍ന്ന അഭിഭാഷക അഞ്ജനാ പ്രകാശ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്.കെ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ നാല് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും മൂന്നെണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും ഉത്തരാഖണ്ഡ് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഷിംലയിലും ഞായറാഴ്ച സമാനമായ ധരംസന്‍സദ് നടത്താന്‍ നിശ്ചയിച്ചതായി ഹരജിക്കാരുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഹിമാചല്‍പ്രദേശ് അധികൃതരെ അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി ബന്ധപ്പെട്ട ജില്ല കലക്ടര്‍ക്ക് പരാതി നല്‍കാനും ഹരജിക്കാര്‍ക്ക് അനുമതി നല്‍കി. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - No hate speech delivered at Delhi Dharam Sansad, police tell SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.