ചെന്നൈ: മാനവ വിഭവശേഷി മന്ത്രാലയം രൂപം നൽകിയ പുതിയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധ വിഷയമാക്കിയ നടപടിക്കെതിരെ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ രംഗത്ത്. തമിഴരുടെ രക്തത്തിൽ ഹിന്ദിക്ക് സ്ഥാനമില്ലെന്നും തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപിക്കുന്നത് തേനീച്ചക്കൂടിന് കല്ലെറിയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഡി.എം.കെ എം.പിമാർ പാർലമെൻറിൽ ഉന്നയിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യയിൽ ഹിന്ദി നിർബന്ധ വിഷയമാക്കിയാൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. മൂന്ന് ഭാഷകളടങ്ങിയ രീതി ഞെട്ടിപ്പിക്കുന്നതാണ്. ഈ നിർദേശം രാജ്യത്തെ വിഭജിക്കും. ഇത് തമിഴ്നാട്ടിലെ ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർത്തിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം, ഒരു ഭാഷയും ആരിലും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാം ഇന്ത്യൻ ഭാഷകളേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. കമ്മിറ്റി തയാറാക്കിയ കരട് മാത്രമാണിത്. പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷമേ റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
കെ. കസ്തൂരിരംഗൻ കമ്മിറ്റി മെയ് 31ന് ദേശീയ വിദ്യാഭ്യാസ നയത്തിൻെറ കരട് സമർപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സ്റ്റാലിൻ പ്രതികരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളടങ്ങിയ സമവാക്യമാണ് കമീഷൻെറ 500 പേജടങ്ങിയ റിപ്പോർട്ടിലുള്ളത്.
ഹിന്ദി സംസാരിക്കാത്ത മുഴുവൻ സംസ്ഥാനങ്ങളിലും നഴ്സറി വിഭാഗം മുതൽ 12ാം തരം വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠന വിഷയമാക്കണമെന്നും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയോടൊപ്പം ഇംഗ്ലീഷും മറ്റേതെങ്കിലും ആധുനിക ഇന്ത്യൻ ഭാഷയും ഉൾെപ്പടുത്തണമെന്നുമാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.