ലഖ്നോ: ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്ത് വർഗീയ കലാപങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ സർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ വിവരിക്കുകയായിരുന്നു യോഗി.
ഫെബ്രുവരി 10ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യോഗിയുടെ പ്രസ്താവന. ക്രമസമാധാന പ്രശ്‌നം കാരണം ആരും ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ ആഗ്രഹിച്ചില്ല എന്നാൽ 2017ൽ ബി.ജെ.പി അധികാരമേറ്റതിന് ശേഷം ഈ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 14ാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്താൻ യു.പിക്കായതായി യോഗി അവകാശപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം യു.പിയുടെ പ്രതിശീർഷ വരുമാനം 47,000 രൂപ മാത്രമായിരുന്നു. തന്റെ സർക്കാർ ഇത് 54,000 രൂപയാക്കി ഉയർത്തി. രണ്ട് ലക്ഷം കോടിയിൽ നിന്നും ആറ് ലക്ഷം കോടിയിലേക്ക് സംസ്ഥാന സർക്കാറിന്റെ ബജറ്റ് വളർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആദ്യ മൂന്ന് വർഷം കൊണ്ട് സർക്കാറിന്റെ പ്രതിഛായ മാറ്റി. പിന്നീടുള്ള രണ്ട് വർഷം കോവിഡായിരുന്നു പ്രതിസന്ധി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം കൊണ്ട് കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏഴുഘട്ടങ്ങളിലായാണ് യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മാർച്ച് ഏഴനാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. മാർച്ച് 10ന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.