ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിന് പിന്നാലെ എല്ലാ എം.പിമാർക്കും കത്തെഴുതി ലോക്സഭ സ്പീക്കർ ഓം ബിർള. പാർലമെന്റിലെ സുരക്ഷാവീഴ്ചയേയും എം.പിമാരുടെ സസ്പെൻഷനേയും ചിലർ പരസ്പരം ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് ദൗർഭാഗ്യകരമാണെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഭയുടെ പവിത്രത ഉയർത്തിപിടിക്കാനുള്ള നടപടി മാത്രമാണ് സസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനവേളയിൽ തന്നെ പ്ലക്കാർഡുകൾ കൊണ്ടു വരില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. വീടിനുള്ളിൽ ബഹളം വെക്കില്ലെന്നതും അന്ന് എടുത്ത തീരുമാനമായിരുന്നു. പാർലമെന്റിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന നടപടികളെ രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ടാണ് പാർലമെന്റിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടു പോകാൻ കർശനമായ ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ അന്വേഷണം നടത്താൻ ഉന്നതതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി അവരുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട് എല്ലാവർക്കും ലഭ്യമാകും. പാർലമെന്റിലെ സുരക്ഷയിൽ പുനഃപരിശോധന നടത്താനായും കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ലോക്സഭയിലെ സുരക്ഷാവീഴ്ചക്കെതിരെ പാർലമെന്റിനകത്ത് പ്രതിഷേധിച്ച എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. 13 പ്രതിപക്ഷ എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ ഒമ്പത് കോൺഗ്രസ് എം.പിമാരും ഉൾപ്പെട്ടിരുന്നു. പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.