പ്രായപൂർത്തിയായ രണ്ടു പേർ ഒരുമിച്ച് താമസിച്ചാൽ 'സദാചാര പൊലീസിങ്' നടത്തരുത്​ -ഹൈകോടതി

പ്രായപൂർത്തിയായ രണ്ട് പേർ വിവാഹത്തിലൂടെയോ ലിവ് ഇൻ ബന്ധത്തിലൂടെയോ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചാൽ "സദാചാര പൊലീസിങ്" അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈകോടതി വ്യക്തമാക്കി. ജബൽപൂർ സ്വദേശിയായ ഗുൽജാർ ഖാൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിൽ വിധി പറയുകയായിരുന്നു കോടതി.

ഈയടുത്താണ് ഗുൽജാർ ഖാനും മഹാരാഷ്ട്ര സ്വദേശിയായ ആർതി സാഹുവും വിവാഹം കഴിക്കുന്നത്. തുടർന്ന് ഇസ്​ലാം മതം സ്വീകരിച്ച സാഹുവിനെ മാതാപിതാക്കൾ ബലം പ്രയോഗിച്ച് വാരാണസിയിലേക്ക് കൊണ്ടുപോവുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഇതിനെതിരെ ഗുൽജാർ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിക്കാരനെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അയാളോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആർതി സാഹു കോടതിയിൽ മൊഴി നൽകി. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് സാഹു കോടതിയിൽ ഹാജരായത്.

ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവളുടെ അല്ലെങ്കിൽ അവന്റെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. യുവതിയെ ഭർത്താവിന് കൈമാറാനും ഇരുവരും സുരക്ഷിതമായി വീട്ടിലെത്തുന്നത് വരെ സംരക്ഷണം നൽകാനും സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കൂടാതെ ഭാവിയിൽ ഇരുവർക്കും രക്ഷിതാക്കളുടെ ഭീഷണികൾ നേരിടാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും പൊലീസിനോട് നിർദ്ദേശിച്ചതായി കോടതി പറഞ്ഞു. ജസ്റ്റിസ് നന്ദിത ദുബെ ആണ് വിധി പറഞ്ഞത്.

Tags:    
News Summary - No 'moral policing' if 2 adults staying together willingly by marriage or live-in relationship: HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.