ഗുവാഹതി: പൗരത്വ ഭേദഗതി നിയമം കാരണം ഒരു മുസ്ലിം വ്യക്തിക്ക് പോലും ഒരുതരത്തിലുള്ള പ്രശ്നങ്ങളുമുണ്ടാകില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. സി.എ.എയോ എൻ.ആർ.സിയോ ഹിന്ദുക്കളെയും മുസ്ലിംകളെയും വിഭജിക്കുന്ന ഒന്നല്ല. രാഷ്ട്രീയ താൽപര്യങ്ങളുള്ള ചില കേന്ദ്രങ്ങളാണ് ഇവയ്ക്ക് വർഗീയ നിറം നൽകിയതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രധാനമന്ത്രി പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്നാണ്. ഇത്രയും കാലം തുടർന്നുവന്നതും അതാണ്. ഇനി ഞങ്ങൾ തുടരാൻ പോകുന്നതും അതുതന്നെയാണ്. സി.എ.എ കാരണം ഒരു മുസ്ലിമിനും പ്രശ്നമുണ്ടാകില്ല -അസമിലെ ഗുവാഹതിയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കവേ മോഹൻ ഭാഗവത് പറഞ്ഞു.
അയൽരാജ്യങ്ങളിലെ മതപരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതാണ് പൗരത്വ നിയമം. ഭീഷണിയും ഭയവും കാരണം നമ്മുടെ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവരെ തീർച്ചയായും സംരക്ഷിക്കേണ്ടതുണ്ട്.
ആരൊക്കെയാണ് പൗരന്മാരെന്ന് അറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്ന് എൻ.ആർ.സിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മോഹൻ ഭാഗവത് ഉത്തരം നൽകി.
ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലാണ് എന്ന കെണിയില്‍ ആരും വീഴരുതെന്ന് ജൂലൈ നാലിന് മോഹൻ ഭാഗവത് പ്രസ്താവിച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഹിന്ദുത്വക്ക് എതിരാണ്. മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനാണ് ശ്രമിക്കേണ്ടതെന്നും ആര്‍.എസ്.എസിന് കീഴിലെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം. ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ല. ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എ ഒന്നാണ്. അവരുടെ മതം ഏതായാലും -മോഹൻ ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.