ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഓക്സിജൻ ഉൽപാദത്തിനായി തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റർലൈറ്റ് പ്ലാൻറ് തുറക്കാനുള്ള തീരുമാനത്തിനെതിരെ മക്കൾ നീതി മയ്യം പ്രസിഡൻറും നടനുമായ കമൽഹാസൻ. തമിഴ്നാട്ടിൽ ഓക്സിജൻ ഉൽപാദനത്തിന് സ്റ്റർലൈറ്റല്ലാതെ മറ്റ് നിർമാണശാലയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
പ്ലാൻറ് തുറക്കുന്നത് കോവിഡ് കാലത്ത് ജനങ്ങളുടെ മറ്റൊരു പ്രതിഷേധത്തിന് ഇടയാക്കിയേക്കാം. എന്തിനാണ് സ്റ്റർലൈറ്റ് പ്ലാൻറ് ഇപ്പോൾ തുറക്കുന്നത്. ഏത് കമ്പനിയേയും മെഡിക്കൽ ഓക്സിജൻ നിർമാണശാലയാക്കി മാറ്റാം. ഓക്സിജൻ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനാണ് പ്രശ്നങ്ങൾ നേരിടുന്നതെന്നും കമൽഹാസൻ പറഞ്ഞു. സ്റ്റർലൈറ്റ് പ്ലാൻറ് തുറക്കുന്നതിനെ അനുകൂലിക്കുന്ന പാർട്ടികളെ മാത്രമാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുമായി ബന്ധപ്പെട്ട ചർച്ചക്കായി ക്ഷണിച്ചത്. മക്കൾ നീതി മയ്യം പോലുള്ള പാർട്ടികളെ ചർച്ചക്ക് ക്ഷണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റർലൈറ്റ് പ്ലാൻറ് ഓക്സിജൻ നിർമാണത്തിന് മാത്രമായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചത്. 2018 മെയിൽ സ്റ്റർലൈറ്റിനെതിരായ സമരത്തിനിടെ പൊലീസ് വെടിവെപ്പിൽ 13 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് പ്ലാൻറ് അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.