അമൃത്സര്‍: കഴിഞ്ഞ 70 വര്‍ഷത്തില്‍ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് അടക്കം ഒരു പാര്‍ട്ടികളും പഞ്ചാബിനായി ഒന്നും ചെയ്തിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമൃത്സറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെജ്രിവാളിന്റെ ആരോപണം.
കഴിഞ്ഞ 70 വര്‍ഷം അകാലി ദളോ, ബി.ജെ.പിയോ, കോണ്‍ഗ്രസോ പഞ്ചാബ് ജനതക്കായി എന്തെങ്കിലും ചെയ്‌തോ?, ഒന്നും ചെയ്തില്ല. ആം ആദ്മി പാര്‍ട്ടി സത്യസന്ധമായ പാര്‍ട്ടിയാണ്. ഞങ്ങള്‍ സത്യസന്ധമായ ഒരു സര്‍ക്കാര്‍ പഞ്ചാബില്‍ രൂപീകരിക്കും -അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഒരിക്കലും രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യില്ല. പഞ്ചാബില്‍ അധികാരത്തിലേറിയാല്‍, പഞ്ചാബിന്റെയും രാജ്യത്തിന്റെയും സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല. പക്ഷേ, അതിലെല്ലാം രാഷ്ട്രീയം ചേര്‍ക്കപ്പെട്ടു -പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക പ്രക്ഷോഭകര്‍ തടഞ്ഞത് ചൂണ്ടിക്കാട്ടി കെജ്രിവാള്‍ കുറ്റപ്പെടുത്തി.
ഡല്‍ഹിയിലെ ആപ് സര്‍ക്കാറിനെതിരായ ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയവെ, ബി.ജെ.പി നുണ പറയുന്ന യന്ത്രമാണെന്നാണ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്.
നേരത്തെ, ആഭ്യന്തര മന്ത്രി അമിത് ഷായും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലുമെല്ലാം തന്നെ അധിക്ഷേപിക്കുകയാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. 'ഞാന്‍ ചെയ്ത തെറ്റെന്താണ്? പഞ്ചാബിലെ സ്‌കൂളുകളും ആശുപത്രികളും വൈദ്യുതിവിതരണവും ജല വിതരണവുമെല്ലാം എനിക്ക് മെച്ചപ്പെടുത്തണം. തൊഴില്‍ നല്‍കണം. ഇതാണ് എന്റെ ലക്ഷ്യം -ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ കെജ്രിവാള്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.