ഡൽഹി: കർഷകർ ഒന്നാകെ ഇളകിയപ്പോൾ രാഷ്ട്രീയം വഴിമാറി. ഡൽഹിയുടെ അതിർത്തികളിലേക്ക് ഇരമ്പിയെത്തിയ കർഷകരെ നയിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളല്ല. ഡോക്ടറും മുൻസൈനികനുമൊക്കെയുണ്ട്, നേതൃനിരയിൽ.
അതിനിടയിൽ പതിവു രാഷ്ട്രീയ വിഴുപ്പലക്കലുകൾക്ക് സ്ഥാനമില്ല. കുത്തിത്തിരിപ്പുകൾക്കും ഇടമില്ല. ഒരു സമര മുേന്നറ്റത്തിെൻറ കഥ അങ്ങനെയൊക്കെയാണ്. കർഷകർക്ക് ഇതു രാഷ്ട്രീയമല്ല, ജീവൽപ്രശ്നമാണ്. കൊടുംതണുപ്പിനെ വകവെക്കാതെ അവർ അതിർത്തിയിൽ എട്ടുദിവസമായി തമ്പടിച്ചിരിക്കുന്നത് അതുകൊണ്ടാണ്. രണ്ടിലൊന്നറിയാതെ മടക്കമില്ല.
കർഷകപ്രക്ഷോഭത്തിെൻറ പ്രധാനകേന്ദ്രം ഹരിയാന അതിർത്തിയിലുള്ള സിംഘുവും െതഹ്രിയുമാണ്. സിംഘുവിൽ 31 കിേലാമീറ്ററും െതഹ്രിയിൽ 26 കിലോമീറ്റർ നീളത്തിലും മൂന്നു ലക്ഷത്തോളം കർഷകർ ട്രക്കുകളും ട്രാക്ടറുകളുമൊക്കെയായി കാത്തുകെട്ടി കിടക്കുന്നു. പഞ്ചാബിൽനിന്നുമാത്രം 31 കർഷക സംഘടനകൾ. ഹരിയാനയിൽനിന്നും യു.പിയിൽനിന്നുമൊക്കെയുള്ളവർ പുറമെ.
ഭിന്നിപ്പിക്കാനുള്ള പിന്നാമ്പുറ നീക്കങ്ങൾ തകർത്ത് കർഷകരെ ഒന്നിച്ച് അണിനിരത്തി സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രധാനികളാണ് ഡോ. ദര്ശന് പാൽ, അക്യുപങ്ചർ വിദഗ്ധൻ ജഗ്മോഹൻസിങ് പട്യാല, മുൻസൈനിക ഓഫിസർ ജോഗീന്ദർ സിങ് തുടങ്ങിയവർ. ബൽബിർ സിങ് രജെവല, സത്നംസിങ് പന്നു, സുർജീത് സിങ് ഫൂൽ തുടങ്ങിയവരും സമരത്തെ നയിക്കുന്നു.
അനസ്തേഷ്യയിൽ എം.ഡി ബിരുദമുള്ള ദർശൻ പാൽ പഞ്ചാബ് മെഡിക്കൽ സർവിസിൽനിന്നും വിരമിച്ച ശേഷമാണ് കർഷകപ്രസ്ഥാനത്തിൽ സജീവമായത്. ക്രാന്തികാരി കിസാൻ യൂനിയൻ പഞ്ചാബ് പ്രസിഡൻറായ ദർശൻ പാൽ, സമരം ഏകോപിപ്പിക്കാൻ രൂപവത്കരിച്ച സംയുക്ത കിസാൻ മോർച്ച അധ്യക്ഷൻ കൂടിയാണ്. പഞ്ചാബിൽനിന്നുള്ള 31 കർഷക സംഘടനകളെ സമരരംഗത്ത് ഏകോപിപ്പിച്ചതിലും പ്രധാന പങ്ക് ദർശൻ പാൽ വഹിച്ചിട്ടുണ്ട്.
ജഗ്മോഹൻ സിങ് പട്യാല
അക്യുപങ്ചർ ചികിത്സയിൽ വിദഗ്ധനായ ജഗ്മോഹൻ സിങ് കർഷക പ്രക്ഷോഭകരിലെ മുൻ നിര പോരാളിയാണ്. മികച്ച സംഘാടകൻ കൂടിയാണ് 64 കാരനായ ജഗ്മോഹൻ. ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോഒാഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പഞ്ചാബിലെ കർഷക സംഘടനകളെ ഒരുമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ജോഗീന്ദർ സിങ് ഉഗ്രഹൻ
പഞ്ചാബിലെ ഏറ്റവും ജനകീയ കർഷക നേതാക്കളിൽ ഒരാളാണ് 75 കാരനായ ജോഗീന്ദർ സിങ്. ആർമിയിൽനിന്ന് വിരമിച്ച് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) ഉഗ്രഹനിലൂടെയാണ് കർഷക അവകാശങ്ങൾക്കായി രംഗത്ത് ഇറങ്ങിയത്. പഞ്ചാബിൽനിന്നുള്ള 31 കർഷകസംഘടനകളുടെ ഭാഗമാകാൻ ജോഗീന്ദർ സിങ്ങിെൻറ നേതൃത്വത്തിൽ ബി.കെ.യു തയാറായിട്ടില്ല. പകരം സമാന്തരമായി പ്രക്ഷോഭരംഗത്ത് സജീവം.
സമരക്കാരെ അനുനയിപ്പിച്ച് ബുറാഡി മൈതാനത്തേക്ക് മാറ്റി പ്രക്ഷോഭം ഒതുക്കാനുള്ള മോദിസർക്കാറിെൻറ ശ്രമം പൊളിച്ചവരിൽ പ്രധാനിയാണ് 75 കാരനായ സുർജീത് സിങ് ഫൂൽ. കർഷക പ്രക്ഷോഭത്തിൽ ഏറെ സ്വാധീനമുള്ളയാൾ. ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി) നേതാവ്. മാേവാവാദി ബന്ധം ആരോപിച്ച് 2009ൽ പഞ്ചാബ് സർക്കാർ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചിരുന്നു.
പഞ്ചാബിൽ അറിയപ്പെടുന്ന കർഷക നേതാക്കളിൽ ഒരാളാണ് 77 കാരനായ ബൽബീർസിങ് രജെവല. കാർഷിക മേഖലയിൽ ആഴത്തിൽ അറിവുള്ള ബൽബീർ കർഷക പ്രക്ഷോഭത്തിെൻറ ബുദ്ധി കേന്ദ്രം കൂടിയാണ്. സർക്കാറിന് സമരത്തിെൻറ ആവശ്യം ഉന്നയിച്ചുള്ള പട്ടിക തയാറാക്കുന്നതിൽ പ്രധാനി.
സത്നംസിങ് പന്നു
കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രസിഡൻറാണ് 65കാരനായ പന്നു.ഭൂരഹിത തൊഴിലാളികൾക്കുവേണ്ടി ശക്തമായി ശബ്ദിക്കുന്ന നേതാക്കളിൽ ഒരാൾ. കർഷക പ്രക്ഷോഭത്തിലേക്ക് യുവാക്കളെയും സ്ത്രീകളെയും രംഗത്തിറക്കുന്നതിൽ സജീമായി പ്രവർത്തിച്ചു. 31 കർഷകസംഘടനകളുടെ ഭാഗമായിട്ടില്ലെങ്കിലും പിന്തുണ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.