ന്യൂഡൽഹി: പോളിങ് ബൂത്തിലേക്ക് പകരക്കാരനെ നിയോഗിച്ച് വോട്ടവകാശം രേഖപ്പെടുത്താൻ പ്രവാസിക്ക് അവസരം നൽകുന്ന മുക്ത്യാർ വോട്ട് (പ്രോക്സി വോട്ട്) സമ്പ്രദായം നടപ്പാക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. പ്രവാസിക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് മുക്ത്യാർ രീതി നടപ്പാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിൽ നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ട് അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമഭേദഗതി ബിൽ കഴിഞ്ഞ ലോക്സഭയിൽ 2018 ആഗസ്റ്റിൽ പാസാക്കിയിരുന്നു. എന്നാൽ, അത് രാജ്യസഭയിൽ പാസാക്കിയിട്ടില്ല. ലോക്സഭയിൽ പാസാക്കുന്ന ബിൽ അതേ ലോക്സഭയുടെ കാലാവധി തീരുന്നതിനുമുമ്പ് രാജ്യസഭയിൽ അവതരിപ്പിച്ചില്ലെങ്കിൽ കാലഹരണപ്പെടുമെന്നാണ് ചട്ടം. മുക്ത്യാർ വോട്ടിന് പുതിയ ബിൽ സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് കേന്ദ്രം ഇപ്പോൾ പാർലമെന്റിനെ അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു കാലത്ത് ഇന്ത്യയിലെത്തി വോട്ടുചെയ്തു മടങ്ങാൻ പ്രായോഗികമായി സാധ്യമല്ലാത്തതിനാൽ തപാൽ ബാലറ്റ് സൗകര്യം ഒരുക്കണമെന്ന് പ്രവാസി സമൂഹം നിരവധി നിവേദനങ്ങൾ നൽകിയ കാര്യം തെരഞ്ഞെടുപ്പു കമീഷൻ സർക്കാറിനെ അറിയിച്ചിരുന്നു. സൈനികരായ വോട്ടർമാർക്ക് മാത്രമായി അനുവദിച്ച ഇലക്ട്രോണിക് മാർഗത്തിലുള്ള തപാൽ ബാലറ്റ് സംവിധാനം (ഇ.ടി.പി.ബി.എസ്) അർഹരായ പ്രവാസി വോട്ടർമാർക്കും ലഭ്യമാക്കണമെന്ന നിർദേശം 2020ൽ തെരഞ്ഞെടുപ്പു കമീഷൻ നിയമ മന്ത്രാലയത്തിനു മുമ്പാകെ വെക്കുകയും ചെയ്തു. എന്നാൽ അത് നടപ്പാക്കാൻ തെരഞ്ഞെടുപ്പു ചട്ടം ഭേദഗതി ചെയ്യണം. ഇക്കാര്യത്തിലും സർക്കാർ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പ്രവാസികൾക്കും ഇതര സംസ്ഥാനത്ത് കഴിയുന്നവർക്കും നാട്ടിലെത്താതെ വോട്ടുചെയ്യാനുള്ള വഴികൾ ആലോചിച്ചു വരുകയാണെന്ന് ഏതാനും ആഴ്ചകൾക്കുമുമ്പാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികളിൽ തുടർനടപടി സുപ്രീംകോടതി അവസാനിപ്പിച്ചത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പ്രവാസി വോട്ട് നടപ്പാവില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാറിന്റെ മറുപടി.
മുക്ത്യാർ വോട്ടിന് പകരം ഓൺലൈൻ വോട്ട് സമ്പ്രദായം നടപ്പാക്കാനുള്ള സാധ്യത പരീക്ഷണങ്ങളിലേക്കും സർക്കാർ കടന്നിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ, വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസിക്ക് വോട്ടെടുപ്പു ദിവസം അതാതു മണ്ഡലത്തിൽ ഉണ്ടെങ്കിൽ വോട്ടുചെയ്യാനാണ് അനുവാദം. വിദേശ രാജ്യങ്ങളിൽ 1.35 കോടി ഇന്ത്യക്കാർ കഴിയുന്നുവെന്നാണ് കണക്ക്. ഭൂരിപക്ഷം പ്രവാസികളും ഗൾഫ് നാടുകളിലാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുള്ള 99,844 പ്രവാസികളിൽ 25,606 പേരാണ് വോട്ടു ചെയ്തത്. ഇതിൽ 25,534 വോട്ടും മലയാളികളുടേതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.