ബംഗളൂരു: ഡൽഹിയിൽനിന്നു ബംഗളൂരുവിലേക്ക് വിമാനത്തിലെത്തിയ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദഗൗഡ നിർബന്ധിത ക്വാറൻറീൻ ലംഘിച്ചു. ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചതോടെയാണ് ഡൽഹിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ സദാനന്ദ ഗൗഡ എത്തിയത്. വിമാനത്താവളത്തിലെത്തിയ േകന്ദ്ര മന്ത്രി ഏഴു ദിവസത്തെ നിർബന്ധിത ക്വാറൻറീന് വിധേയനാകാൻ തയാറാകാതെ ഒൗദ്യോഗിക കാറിൽ പോവുകയായിരുന്നു. സംഭവം വിവാദമായതോടെ താൻ ഫാർമസി മന്ത്രിയാണെന്നും നിബന്ധന തനിക്ക് ബാധകമല്ലെന്നുമുള്ള മറുപടിയാണ് സദാനന്ദ ഗൗഡ നൽകിയത്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ് എന്നീ ആറു സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലെത്തുന്നവർ ഏഴു ദിവസത്തെ നിർബന്ധിത സർക്കാർ നിരീക്ഷണത്തിൽ കഴിയണം. അതുകഴിഞ്ഞ് പരിശോധന ഫലം നെഗറ്റീവായാൽ ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിൽ തുടരണമെന്നാണ് സംസ്ഥാന സർക്കാറിന്റെ മാർഗനിർദേശം. മാർഗനിർദേശങ്ങൾ ഒാരോ പൗരനും ബാധകമാണെന്നും എന്നാൽ, ചില ഉത്തരവാദപ്പെട്ട പദവികൾ വഹിക്കുന്നവരെ ക്വാറൻറീനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമായിരുന്നു സദാനന്ദ ഗൗഡയുടെ പ്രതികരണം.
ക്വാറൻറീനിൽനിന്ന് ചില വ്യക്തികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇളവ് നൽകിയിട്ടുണ്ടെന്നും വിമാന സർവിസ് പുനരാരംഭിച്ചതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിക്കാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കർണാടകയുടെ മാർഗനിർദേശത്തിൽ മന്ത്രിമാർക്ക് ക്വാറൻറീനിൽ ഇളവുള്ള കാര്യം പരാമർശിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.