ന്യൂഡൽഹി: കോമൺ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷയുടെ (സി.യു.ഇ.ടി) ആദ്യ പതിപ്പ് നഷ്ടമായ വിദ്യാർഥികൾക്ക് പുനപരീക്ഷ നടത്തില്ലെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ ചെയർമാൻ മമിദാല ജഗദേഷ് കുമാർ. അവസാന നിമിഷം പരീക്ഷകേന്ദ്രം മാറ്റിയതിനെത്തുടർന്ന് രാജ്യത്തും വിദേശത്തുമായി 510 നഗരങ്ങളിൽ വെള്ളിയാഴ്ച ആരംഭിച്ച സി.യു.ഇ പരീക്ഷ നിരവധി വിദ്യാർഥികൾക്ക് നഷ്ടമായിരുന്നു.
കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ തൊണ്ണൂറിലേറെ സ്ഥാപനങ്ങളിലെ ബിരുന്ദ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി. വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ട കേന്ദ്രങ്ങൾക്കു പുറമെ, മറ്റു കേന്ദ്രങ്ങളിൽ എത്തിയവരെയും പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. രണ്ടു മണിക്കൂർ മുമ്പായി പരീക്ഷ കേന്ദ്രങ്ങളിൽ എത്തണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു. പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് അരമണിക്കൂർ ഗ്രേസ് പിരീഡ് ഉണ്ടായിരുന്നു. അതുകഴിഞ്ഞു വന്നവരെ പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. പരീക്ഷ നഷ്ടമായവർക്ക് വീണ്ടും അവസരം നൽകുമെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അവർക്കായി പുനപരീക്ഷ നടത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലും പഞ്ചാബിലെ പത്താൻകോട്ടിലുമുള്ള കേന്ദ്രങ്ങളിൽ സാങ്കേതിക തകരാറിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇവർക്ക് മറ്റൊരു അവസരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പലർക്കും മെയിൽ വഴി ഹാൾടിക്കറ്റ് അയച്ചെങ്കിലും പരീക്ഷകേന്ദ്രം മാറുന്ന വിവരം അറിയിക്കാതിരുന്നതാണ് തിരിച്ചടിയായത്. പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം വരുത്തിയതിനാൽ ഹാജരാകാൻ കഴിയാത്തവർക്ക് ആഗസ്റ്റിലെ രണ്ടാം ഘട്ടത്തിൽ അവസരം നൽകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി യു.ജി.സി ചെയർമാൻ രംഗത്തുവന്നത്.
98 ശതമാനം വിദ്യാർഥികൾക്കും അവർ ആവശ്യപ്പെട്ട മുൻഗണനാകേന്ദ്രം അനുവദിച്ചതായി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) അവകാശപ്പെട്ടു. രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവേശന പരീക്ഷയാണിത്. 14.9 ലക്ഷം പേരാണ് പരീക്ഷക്കായി രജിസ്‌റ്റർ ചെയ്തത്. ശരാശരി 18 ലക്ഷം രജിസ്‌ട്രേഷനുള്ള നീറ്റ്-യു.ജിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷ. രണ്ടുഘട്ടങ്ങളിലായാണ് പ്രവേശന പരീക്ഷ നടക്കുന്നത്. ഒന്നാംഘട്ടം ജൂലൈയിലും രണ്ടാംഘട്ടം ആഗസ്റ്റിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.