ഗുവാഹതി: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ അസമിലെ ബി.ജെ.പി മന്ത്രി സും റോങ്ഹാങ് കോൺഗ്രസിൽ ചേർന്നു. 'ആത്മാർഥമായി ചുമതലകൾ നിർവഹിച്ച എനിക്ക് ചിലരുടെ ഗൂഢാലോചനയിലാണ് സീറ്റ് നിഷേധിച്ചത്' എന്ന് എ.ഐ.സി.സി ജന. സെക്രട്ടറി ജിതേന്ദ്ര സിങ്ങിൽനിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം സും പറഞ്ഞു.
ബി.ജെ.പിയുടെ പ്രവർത്തനം സുതാര്യമല്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സുമിന് ടിക്കറ്റ് നൽകുമോ എന്ന കാര്യത്തിൽ അസമിലെ കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ പ്രതികരിക്കാൻ തായാറായില്ല. എന്നാൽ, കർബി അംഗ്ലോംഗ് ജില്ലയിലെ ദിഫുവിൽ സീറ്റ് നൽകിയേക്കുമെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നുമുണ്ട്.
അസം നിയമസഭ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ പരീക്ഷിക്കാൻ കോൺഗ്രസ്. ഒന്നാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ 40ൽ 20 പേരും ആദ്യമായി മാറ്റുരക്കുന്നവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് തോറ്റ നാല് വനിതകളടക്കം 12 പേർക്കും പട്ടികയിൽ ഇടംനൽകിയിട്ടുണ്ട്. 47 സീറ്റിലേക്കാണ് ഈ മാസം 27ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്. അന്തരിച്ച മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് നാലുവട്ടം തുടർച്ചയായി പ്രതിനിധാനംെചയ്ത തിത്തബോർ മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിെൻറ കുടുംബവുമായി ആലോചിച്ചായിരിക്കും ഇവിടെ സ്ഥാനാർഥിയെ തീരുമാനിക്കുക. ആറ് സിറ്റിങ് എം.എൽ.എമാരും മത്സരരംഗത്തുണ്ട്. പാർട്ടിയുടെ നിയമസഭകക്ഷി നേതാവായ ദേബബ്രത സൈക്കിയ നസീറയിൽ ജനവിധിതേടും.
മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്ന ഗൊഗോയിയുടെ മണ്ഡലമായ തിത്തബോർ നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുേമ്പാൾ മണ്ഡലം പിടിക്കാൻ ബി.ജെ.പി ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് തരുൺ ഗൊഗോയ് മരിച്ചത്. തിത്തബോർ കൂടാതെ തിൻസുക്കിയ, ധക്വഖാന, ബെഹാലി, ധിങ്, ബൊകഖാട്, എ.ഐ.യു.ഡി.എഫ് മണ്ഡലമായ നവ്ബോയ്ച്ച എന്നിവിടങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. ഈ മണ്ഡലങ്ങൾ സഖ്യകക്ഷികൾക്ക് നീക്കിവെക്കാനാണ് സാധ്യത.
മുൻ എതിരാളികൾ പാർട്ടി മാറിയതിലൂെട ശ്രദ്ധേയമാണ് ഗൊലാഘട്ട് മണ്ഡലം. മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ അജന്ത നിയോഗ് കോൺഗ്രസ് വിട്ട് ബി.ജെ.പി ടിക്കറ്റിലാണ് ഇത്തവണ ജനവിധിതേടുന്നത്. 2016ൽ നിയോഗിനോട് തോറ്റ അസം ഗണപരിഷത് നേതാവ് ബിതുബൻ സൈക്കിയയാകട്ടെ പരാജയത്തെ തുടർന്ന് ബി.ജെ.പിയിലേക്ക് കളം മാറിയിരുന്നു.
അദ്ദേഹം വീണ്ടും ബി.ജെ.പി വിട്ട് ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുകയാണ്. രാജ്യസഭ എം.പിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ റിപുൻ ബോറ ഗോപുരിലാണ് മത്സരത്തിനിറങ്ങുന്നത്. ഇദ്ദേഹത്തിെൻറ ഭാര്യ മോണിക്ക ബോറ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയോട് 30,000 വോട്ടിന് തോറ്റ മണ്ഡലമാണിത്. മൂന്നുവട്ടം തുടർച്ചയായി മജൂലിയിൽനിന്ന് വിജയിച്ച്, 2016ൽ ഇപ്പോഴത്തെ മുഖ്യമന്ത്രി സർബാനന്ദ േസാനോവാളിനോട് തോറ്റ റനോജ്കുമാർ പെഗു വീണ്ടും ജനവിധിതേടും.
മഹാസഖ്യം രൂപവത്കരിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് ജനവിധിതേടുന്നത്. മൗലാന ബദറുദ്ദീൻ അജ്മലിെൻറ പാർട്ടിയായ എ.ഐ.യു.ഡി.എഫ്, ബോഡോലാൻഡ് പീപിൾസ് ഫ്രണ്ട് (ബി.പി.എഫ്), സി.പി.എം, സി.പി.ഐ, സി.പി.ഐ-എം.എൽ, അഞ്ചലിക് ഗണമോർച്ച എന്നിവയാണ് സഖ്യത്തിലെ പാർട്ടികൾ. 126 മണ്ഡലത്തിലേക്ക് മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ഒന്ന്, ആറ് തീയതികളിലാണ് അടുത്തഘട്ടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.