ശ്രീനഗർ: ജമ്മുകശ്മീരിൽ ബി.ജെ.പിയുമായി ഒരു സഖ്യ ചർച്ചയും നടത്തിയിട്ടില്ലെന്ന് ജമ്മുകശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സഖ്യ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് പാർട്ടി അറിയിച്ചത്.
ഇൻഡ്യ സഖ്യത്തിന് പുറത്ത് പാർട്ടികളുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങൾ തള്ളുകയാണെന്ന് ജമ്മുകശ്മീർ നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരാജയഭീതിയുള്ള ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. പൊതുജനങ്ങളിലാണ് ഞങ്ങൾ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. വ്യാജ ആരോപണങ്ങൾ പൊതുജനങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബി.ജെ.പി ജമ്മുകശ്മീർ നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. നാഷണൽ കോൺഫറൻസ്, പി.ഡി.പി, കോൺഗ്രസ് തുടങ്ങിയ കുടുംബാധിപത്യ പാർട്ടികളെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന പ്രചാരണമാണ് ജമ്മുകശ്മീരിൽ ബി.ജെ.പി സജീവമായി നടത്തുന്നത്. ജമ്മുകശ്മീരിലെ പ്രശ്നങ്ങൾക്ക് കാരണം മൂന്ന് കുടുംബങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിരന്തരമായി പ്രചാരണം നടത്തിയിരുന്നു.
നേരത്തെ ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കുമെന്നായിരുന്നു 2014 നിയമസഭ തെരഞ്ഞെടുപ്പിലെ പി.ഡി.പിയുടെ പ്രചാരണം. തുടർന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പി.ഡി.പി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.