കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിനിടെ ആരോഗ്യപ്രവർത്തകരുടെ ആകുലതകൾ പങ്കുവയ്ക്കുന്ന പോസ്റ്റ് വൈറലായി. ശ്വാസംമുട്ടുന്ന പി.പി.ഇ കിറ്റുകളിൽ ഞെരുങ്ങിക്കഴിയുന്ന മെഡിക്കൽ പ്രഫഷനലുകൾ നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് പോസ്റ്റ് പറയുന്നു. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ സമൂഹം മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതിന് ഏറെ ത്യാഗങ്ങളും സഹിക്കുന്നുണ്ട്. ഇവർ നേരിടുന്ന മാനസിക സംഘർഷവും ശാരീരിക ബുദ്ധിമുട്ടുകളും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന മാനസികാരോഗ്യ വിദഗ്ദ്ധയാണ് താൻ ആശുപത്രിയിൽ കണ്ട ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കോവിഡ് കൈകാര്യം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും നേരിടുന്ന ബുദ്ധിമുട്ടുകൾ പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയർ കൗൺസിലറായ വന്ദന മഹാജൻ ഒരാഴ്ചയോളം കോവിഡിന് ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഈ സമയത്ത് താൻ കണ്ട കാഴ്ചകളാണ് വന്ദന ട്വീറ്റിൽ വിവരിച്ചിരിക്കുന്നത്. ജോലിഭാരം കാരണം തളർന്നുപോയ നഴ്സ് പിപിഇ കിറ്റ് ധരിച്ച് വിശ്രമിക്കുന്നതിന്‍റെ ഫോട്ടോയും ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. ആശുപത്രിയിൽവച്ച് താൻ സംസാരിച്ച നഴ്സ് ഒരാഴ്ച്ചയായി തുടർച്ചയായി ജോലി ചെയ്യുന്നതായി മഹാജൻ വെളിപ്പെടുത്തി. ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ അവരുടെ മക്കൾ ബന്ധുവിനൊപ്പമാണ് താമസിക്കുന്നത്. മകന് പരീക്ഷക്കാലമായതിനാൽ അവർക്ക് ഇപ്പോൾ വീട്ടിലേക്ക് മടങ്ങേണ്ടതുണ്ട്. തന്‍റെ കുടുംബത്തെ സുരക്ഷിതമായി നിലനിർത്തുന്നതിന് ജോലിസ്ഥലത്തുവച്ച് രോഗബാധിതയാകാതിരിക്കാനുള്ള പരിശ്രമത്തിലാണ് അവരെന്നും വന്ദന പറയുന്നു.
തലേദിവസം രാത്രി സി.പി.ആർ ചെയ്തുകൊണ്ടിരുന്ന രോഗിയുടെ മരണം വേദനയോടുകൂടി തന്നോടുപറഞ്ഞ മറ്റൊരു നഴ്‌സിന്‍റെ വിവരവും വന്ദന പങ്കുവച്ചിട്ടുണ്ട്. കോവിഡ് കൈകാര്യം ചെയ്യുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും മാനസികാരോഗ്യ കൗൺസിലിംഗിന്‍റെ ആവശ്യകതയും എടുത്തുപറഞ്ഞുകൊണ്ടുള്ള മറുപടികളാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.