അടുത്ത മാസം 25ന് വോട്ടെടുപ്പു നടക്കാനിരിക്കുന്ന Nominationത്തിന് തിങ്കളാഴ്ച തുടക്കമായി. നവംബർ ആറുവരെയാണ് പത്രിക സമർപ്പിക്കാൻ സമയം. തൊട്ടുപിറ്റേന്ന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കൽ നവംബർ ഒമ്പതിന് പൂർത്തിയാകുന്നതോടെ മത്സരചിത്രം വ്യക്തമാവും. 200 സീറ്റിലേക്ക് ഒറ്റഘട്ടമായാണ് രാജസ്ഥാൻ തെരഞ്ഞെടുപ്പ്.
കോൺഗ്രസ് നേതൃയോഗം ഡൽഹിയിൽ ചേർന്ന് സ്ഥാനാർഥിനിർണയ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് നീക്കി. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, രാജസ്ഥാന്റെ പാർട്ടി ചുമതലയുള്ള സുഖ്ജിന്ദർ രൺധാവ, പി.സി.സി പ്രസിഡന്റ് ഗോവിന്ദ് ദോത്താസ്ര, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ ഗൗരവ് ഗൊഗോയ് തുടങ്ങിയവർ പങ്കെടുത്തു. സ്ഥാനാർഥിനിർണയത്തിന്റെ ചുക്കാൻ കൈപ്പിടിയിലൊതുക്കിയ ഗെഹ്ലോട്ടിന്റെ പ്രധാന പ്രതിയോഗി സചിൻ പൈലറ്റിന്റെ അസാന്നിധ്യം ചർച്ചകളിൽ ശ്രദ്ധേയം.
19 സ്ഥാനാർഥികളെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതോടെ 200ൽ 95 സീറ്റിലേക്ക് കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ഇതിൽ 13 പേരാണ് സിറ്റിങ് എം.എൽ.എമാർ.
ബി.ജെ.പിയിലെ ശീതസമരങ്ങൾക്കിടയിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെ തിങ്കളാഴ്ച ജുൻജുനുവിൽ പൊതുവേദിയിലെത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വാഗ്ദാനങ്ങളിൽ ഉറച്ചുനിൽക്കണമെന്നില്ല എന്നാണ് വോട്ടർമാരെ വസുന്ധര ഓർമിപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് പൂർണമായി നടപ്പായില്ല. കുടുംബനാഥക്ക് പ്രതിവർഷം 10,000 രൂപ പാരിതോഷികം നൽകുമെന്ന പ്രഖ്യാപനത്തിനും ഈ ഗതിയാണ് വരാനിരിക്കുന്നതെന്ന് വസുന്ധര അഭിപ്രായപ്പെട്ടു.
അതേ സമയം, സി.പി.എം 17 സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. സിറ്റിങ് എം.എൽ.എമാരായ ബൽവൻ പൂനിയ, ഗിർധരി ലാൽ മഹിയ എന്നിവർക്ക് വീണ്ടും നറുക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.