ഡെറാഡൂൺ: നടുറോഡിൽ കസേരയിട്ടിരുന്ന് പരസ്യമായി മദ്യപിക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളുമായ ബോബി കറ്റാരിക്കെതിരെ ജാമ്യമില്ലാ വാറന്റ്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്.
കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ ബോബി കറ്റാരിയെ അറസ്റ്റ് ചെയ്യാനായി ഡെറാഡൂൺ കന്‍റോൻമെന്‍റ് പൊലീസ് ഹരിനായ അടക്കമുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക സംഘത്തെ വിന്യസിച്ചു.
നേരത്തെ, വിമാനത്തിൽവച്ച് പുകവലിച്ച സംഭവത്തിൽ ബോബി കറ്റാരിയക്കെതിരെ അന്വേഷണത്തിന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉത്തരവിട്ടിരുന്നു. ജനുവരി 23ന് ദുബൈയിൽ നിന്ന് ഡൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം.
അപകടകരമാം വിധത്തിൽ വിമാനത്തിലെ സീറ്റിൽ കിടന്ന് സിഗരറ്റ്, ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും തുടർന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. പുകവലി ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ, ഷൂട്ടിങ്ങിനായി തയാറാക്കിയ ഡമ്മി വിമാനത്തിൽ വെച്ചാണ് സിഗരറ്റ് വലിച്ചതെന്നാണ് കറ്റാരിയയുടെ വിശദീകരണം. അതേസമയം, 2022 ജനുവരി 20ന് ദുബൈയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എസ്ജി 706 വിമാനത്തിൽ യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന് പിന്നാലെ ഫെബ്രുവരിയിൽ കറ്റാരിയക്ക് 15 ദിവസത്തെ സ്പൈസ് ജെറ്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ബോബി കറ്റാരിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വേരിഫൈഡ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.