ന്യൂഡൽഹി: മുസ്ലിം മതപാഠശാലകളിൽ (മദ്റസ) അമുസ്ലിംകൾ പഠിക്കുന്നത് കണ്ടെത്തി അവരെ സ്കൂളുകളിലെത്തിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ്. മദ്റസകളിൽ അമുസ്ലിം വിദ്യാർഥികൾ പഠിക്കുന്നത് ഭരണഘടനയുടെ 28(3) അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി ദേശീയ ബാലാവകാശ കമീഷനാണ് ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചത്.
ഭൗതിക വിഷയങ്ങൾ പഠിപ്പിക്കാൻ സർക്കാർ ഫണ്ട് ലഭിക്കുന്ന മദ്റസകളിൽ അമുസ്ലിം വിദ്യാർഥികളും പഠിക്കുന്നുണ്ടെന്ന് നിരവധി സ്ഥലങ്ങളിൽനിന്ന് തങ്ങൾക്ക് പരാതി ലഭിച്ചതായി കമീഷൻ മേധാവി പ്രിയങ്ക് കനൂൻഗോ വാർത്ത ഏജൻസി ‘എ.എൻ.ഐ’യോടു പറഞ്ഞു. അതിനാൽ ഇത്തരം വിദ്യാർഥികളെ കണ്ടെത്തി സ്കൂളുകളിലേക്ക് മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്.
നേരത്തേ തങ്ങൾ നൽകിയ നിർദേശം നിസ്സാരമായി തള്ളി അമുസ്ലിംകൾക്കും പ്രവേശനം നൽകുമെന്ന് ഉത്തർപ്രദേശ് മദ്റസ ബോർഡ് പ്രസ്താവനയിറക്കിയെന്ന് കമീഷൻ കുറ്റപ്പെടുത്തി.
അമുസ്ലിംകൾ മദ്റസകളിൽ വരുന്ന പോലെ അഹിന്ദുക്കൾ സംസ്കൃത സ്കൂളുകളിൽ പോകുന്നുണ്ടെന്നും എല്ലാ മതക്കാരും കൃസ്ത്യൻ മിഷനറി സ്കൂളുകളിൽ പോകുന്നുണ്ടെന്നും ഈ നിർദേശം പുനഃപരിശോധിക്കണമെന്നും ഉത്തർപ്രദേശ് മദ്റസ വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഇഫ്തിഖാർ അഹ്മദ് ജാവേദ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള മദ്റസകൾ മത വിദ്യാഭ്യാസത്തിനു പുറമെ ഭൗതിക വിദ്യാഭ്യാസംകൂടി നൽകുന്ന സ്ഥാപനങ്ങളാണെന്നും ഇവക്ക് സർക്കാർ ഫണ്ട് ലഭിക്കുന്നുണ്ടെന്നും അംഗീകരിച്ച കമീഷൻ അതേസമയം നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കൂട്ടിച്ചേർത്തു. ഇവിടെ പഠിക്കുന്ന അമുസ്ലിം കുട്ടികൾക്ക് ചില സംസ്ഥാന സർക്കാറുകളും കേന്ദ്ര ഭരണപ്രദേശങ്ങളും സ്കോളർഷിപ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും കമീഷൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.