ഇന്ത്യക്ക്​ കെനിയയുടെ സഹായം: അയ്യയ്യേ ഇത്​ നാണക്കേടെന്ന്​ സോഷ്യൽ മീഡിയ

മുംബൈ: ഒടുവിൽ അതും സംഭവിച്ചു. ഇന്ത്യയേക്കാൾ എല്ലാ നിലയിലും ദരിദ്രരായ ആഫ്രിക്കൻ രാജ്യമായ കെനിയയിൽനിന്നു പോലും ഇരുകൈയും നീട്ടി സഹായം സ്വീകരിച്ചിരിക്കുന്നു നമ്മുടെ രാഷ്​ട്രം. മുമ്പ്​ പ്രളയത്തിലും ഉരുൾപൊട്ടലിലും കേരളം സാമ്പത്തികമായി തകർന്നടിഞ്ഞപ്പോൾ പിന്തുണയുമായി എത്തിയ സമ്പന്ന വിദേശ രാഷ്​ട്രങ്ങളെ അഭിമാനത്തിന്‍റെ ഗർവ്​ കാണിച്ച്​ മടക്കി അയച്ച കേന്ദ്രഭരണകൂടമാണ്​ ഇപ്പോൾ ദരിദ്രരാഷ്​ട്രങ്ങളുടെ കാരുണ്യത്തിന്​ കൈനീട്ടി നിൽക്കുന്നത്​.

'ആത്മനിർഭർ ഭാരത'ത്തിന്‍റെ അന്തസ്സ്​ പണയംവെച്ച നടപടിയായാണ്​ ഇതിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്​. ''നിങ്ങളെക്കാൾ ദരിദ്രനായ ഒരാളിൽ നിന്ന് ഭക്ഷ്യവസ്​തുക്കൾ ദാനമായി സ്വീകരിക്കേണ്ടിവരുന്നത്​ നയതന്ത്രമല്ല, അത് അനാഥത്വമാണ്. പ്രധാനമന്ത്രി രാജ്യത്തെ നാണക്കേടുകളുടെ ആഴക്കടലിൽ മുക്കിക്കൊല്ലുകയാണ്​.'' ''ഈ മനുഷ്യൻ കാരണം ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കപ്പെടുന്നു.. ഈ കൊള്ളസംഘത്തെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ട് ..'' എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.

''കെനിയയെപ്പോലുള്ള രാജ്യം ഇന്ത്യയ്ക്ക് ഭക്ഷ്യസഹായം നൽകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നവരോട്​: 2020ലെ ആഗോള പട്ടിണി സൂചികയിൽ 84ാം സ്​ഥാനത്താണ്​ കെനിയ. ഇന്ത്യയാക​ട്ടെ, 94ാം സ്ഥാനത്തും!. ഇത്​ താരതമ്യം ചെയ്യുന്ന ഭക്തർ ശ്രദ്ധിക്കുക: 2013 ൽ ഇന്ത്യയുടെ റാങ്ക് 63 ആയിരുന്നു.'' ''എന്തൊരു 'അച്ചേ ദിൻ' ആണിത്​! ... എന്നിരുന്നാലും കെനിയക്ക്​ നന്ദി!'' എന്ന്​ തുടങ്ങി ഇന്ത്യയുടെയും കെനിയയുടെയും ജി.ഡി.പിയും സാമ്പത്തിക നിലവാരവും താരതമ്യം ചെയ്യുന്ന നിരവധി പോസ്റ്റുകളാണ്​ ഇവ്വിഷയകമായി വരുന്നത്​.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 12 ടൺ ഭക്ഷ്യവസ്​തുക്കളാണ്​ കെനിയ ഇന്ത്യക്ക്​ സംഭാവന ചെയ്തത്.​ പ്രാദേശികമായി ഉത്പാദിപ്പിച്ച 12 ടൺ ചായപ്പൊടി, കാപ്പിപ്പൊടി, നിലക്കടല എന്നിവയാണ്​ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് അയച്ചത്​. കോവിഡ് പകർച്ചവ്യാധിയുടെ ഈ സമയത്ത് ഇന്ത്യ ഗവൺമെന്‍റുമായും ജനങ്ങളുമായും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കെനിയ സർക്കാർ ആഗ്രഹിക്കുന്നതായി ഭക്ഷ്യവസ്തുക്കൾ സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയിലെ കെനിയൻ ഹൈകമ്മീഷണർ വില്ലി ബെറ്റ് പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സേവനമർപ്പിക്കുന്ന കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ഈ വസ്​തുക്കൾ എത്തിക്കാനാണ്​ ആഗ്രഹിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. കെനിയയിലെ ജനങ്ങൾ ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്ന സഹാനുഭൂതിയുടെ പ്രതീകമാണ് സംഭാവനയെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മഹാരാഷ്​ട്ര വൈസ് ചെയർമാൻ ഹോമി ഖുസ്രുഖാൻ പറഞ്ഞു.






Reason why a country like Kenya is supplying food aid to India:


Tags:    
News Summary - 'Not diplomacy, it's destitution': Twitterati after India receives COVID-19 aid from Kenya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.