മുംബൈ: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമർശനങ്ങളുമായി ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ബി.ജെ.പി പ്രവർത്തകർ ധൈര്യമുണ്ടെങ്കിൽ കശ്മീരിൽ പോയി ഹനുമാൻ ചാലിസ വായിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കശ്മീരിൽ നിരവധി കുടിയേറ്റ തൊഴിലാളികളും കശ്മീരി പണ്ഡിറ്റുകളും കൊല്ലപ്പെടുന്നുണ്ട്. ബി.ജെ.പി ഈ വിഷയത്തിൽ എന്തുകൊണ്ടാണ് ഇടപെടലുകൾ നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ ഉച്ചഭാഷിണി വിവാദങ്ങളും മറ്റു പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന തിരക്കിലാണ് ബി.ജെ.പി ഇപ്പോഴുമെന്ന് അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ ഓരോ ശ്വാസത്തിലും ഹിന്ദുത്വമുണ്ട്. ഹിന്ദുത്വത്തിന് വേണ്ടി ശിവസേനയും ബിജെപിയും എന്ത് ചെയ്തുവെന്നതിനെക്കുറിച്ചുള്ള തുറന്ന സംവാദം മുംബൈയിൽ നടക്കട്ടെയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നുപൂർ ശർമ്മയെന്ന ബി.ജെ.പി വക്താവിന്‍റെ പ്രസ്താവന കാരണം ലോകരാജ്യങ്ങൾക്ക് മുമ്പിൽ രാജ്യം അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച നടന്ന പാർട്ടിയുടെ സ്വാഭിമാന്‍ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം ഔറംഗബാദിന്റെ പേര് സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന തന്റെ പിതാവും പാർട്ടി അധ്യക്ഷനുമായ ബാൽ താക്കറെയുടെ വാഗ്ദാനം താൻ മറന്നിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു. നഗരത്തിന്‍റെ പേര് വൈകാതെ മാറ്റുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഔറംഗബാദ് വിമാനത്താവളത്തിന്റെ പേര് ഛത്രപതി സംഭാജി മഹാരാജിന്റെ പേരിലേക്ക് മാറ്റുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്താവളത്തിന്‍റെ പേര് പുനർനാമകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒന്നര വർഷം മുമ്പ് സംസ്ഥാന നിയമസഭ ഒരു പ്രമേയം പാസാക്കുകയും കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ വിഷയത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.