പട്ന: സർവിസിൽ നിന്ന് സ്വമേധയാ വിരമിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുന്ന മുൻ ബിഹാർ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ ജനതാദൾ യുവിൽ ചേർന്നു. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിെൻറ വസതിയിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം. നിതീഷ് കുമാറിെൻറ ക്ഷണപ്രകാരമാണ് പാർട്ടിയിൽ ചേർന്നതെന്ന് പണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാനാണ് ഗുപ്തേശ്വർ പാണ്ഡെയുടെ രാജിയെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
'മുഖ്യമന്ത്രിയാണ് പാർട്ടിയിൽ ചേരുന്നതിനായി എന്നെ ക്ഷണിച്ചത്. പാർട്ടി എന്ത് ആവശ്യപ്പെടുന്നോ അത് ഞാൻ ചെയ്യും. രാഷ്ട്രീയം എനിക്കറിയില്ല. സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങൾക്കായി സമയം മാറ്റിവെച്ച സാധാരണക്കാരനായ മനുഷ്യനാണ് ഞാൻ'- പാണ്ഡെ പറഞ്ഞു.
അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കാൻ പോകുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വാൽമീകി നഗറിൽ പാണ്ഡെയെ ജെ.ഡി.യു മത്സരിപ്പിച്ചേക്കും. 1987 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ പാണ്ഡെയെ നിയമസഭ തെരെഞ്ഞടുപ്പിൽ ജന്മനാട്ടിലെ ബക്സർ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒക്ടോബർ 23, നവംബർ മൂന്ന്, നവംബർ ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബർ ഏഴിന് വേട്ടെണ്ണും.
പാണ്ഡെയുടെ രാഷ്ട്രീയ ആഭിമുഖ്യ സൂചനകൾ സുശാന്ത് സിങ് രാജ്പുത്തിെൻറ കേസിൽ പ്രകടമായിരുന്നു. സുശാന്ത് സിങ് കേസിൽ മുംബൈ പൊലീസ് നിയവിരുദ്ധമായാണ് പെരുമാറിയതെന്ന് പാണ്ഡെ പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയിലെ സഖ്യസർക്കാറിനെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പിയുടെയും സഖ്യകക്ഷിയുടെയും നിർദേശങ്ങൾക്കനുസരിച്ചാണ് പാണ്ഡെ പെരുമാറുന്നതെന്ന് അന്നേ ആരോപണമുയർന്നിരുന്നു.
2014 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാണ്ഡെ രാജിക്കൊരുങ്ങിയിരുന്നെങ്കിലും സീറ്റ് കിട്ടില്ലെന്ന് കണ്ടതോടെ രാജി അപേക്ഷ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.