ഭോപ്പാൽ: ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇൻഡോറിലെ ഫാക്ടറി തൊഴിലാളികൾ വിഷം കഴിച്ചു. ഉടൻ തന്നെ ഇവരെ അടുത്തുള്ള എം. വൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഏഴ് മാസമായി തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകിയിരുന്നില്ല. ഇതിന് പുറമെ ഇവരെ മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റിയെന്നും ആക്ഷേപമുണ്ട്. കുറച്ച് മാസങ്ങളായി ഞങ്ങൾക്ക് മാനേജ്മെന്റ് ശമ്പളം നൽകുന്നില്ല. അതിനാലാണ് ഞങ്ങളുടെ സുഹൃത്തുക്കൾ വിഷം കഴിച്ചതെന്നും ജീവനക്കാരുടെ സഹപ്രവർത്തകരിലൊരാളായ അനിൽ നിഗം പറഞ്ഞതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശമ്പളം നൽകാത്തതിനെ തുടർന്നാണ് തൊഴിലാളികൾ വിഷം കഴിച്ചതെന്ന് മുതിർന്ന പൊലീസ് ഓഫീസർ അജയ് സിംഗ് കുശ്വാഹ പറഞ്ഞു. മോഡുലാർ കിച്ചണുകൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. അവരെ ബംഗംഗയിലെ മറ്റൊരു ഫാക്ടറിയിൽ ജോലിക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021ൽ 14,965 കേസുകളുമായി രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്ന മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.