മുംബൈ: താൻ വിശദീകരണം ആവശ്യപ്പെട്ട ആ പുസ്തകം ലിയോ ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസ്’ അല്ലെന്ന് ഭീമ-കൊറേഗാവ് സംഘർഷ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന് ന േബാംബെ ഹൈകോടതി ജഡ്ജി. ‘മറ്റൊരു രാജ്യത്തെ യുദ്ധവുമായി ബന്ധപ്പെട്ട ‘വാർ ആൻഡ് പീസ് ’ അടക്കമുള്ള പുസ്തകങ്ങൾ’ എന്തിന് കൈവശം വെച്ചെന്ന് കേസിലെ പ്രതിയായ വർണൻ ഗോൺസാൽവസിനോട് വിശദീകരിക്കാൻ ജസ്റ്റിസ് എസ്.വി. കോട്വാൾ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ജഡ്ജിക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനവുമുണ്ടായി. ഇക്കാര്യം വ്യാഴാഴ്ച കോടതിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ലിയോ ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസ്’ ക്ലാസിക്കൽ സാഹിത്യ സൃഷ്ടിയാണെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞുകൊണ്ട് ജഡ്ജി തിരുത്തിയത്. തെറ്റായി റിപ്പോർട്ട് ചെയ്തതിലെ നിരാശയും അദ്ദേഹം വ്യക്തമാക്കി. പ്രതിയുടെ മാവോവാദി ബന്ധത്തിന് തെളിവായി അദ്ദേഹത്തിെൻറ വീട്ടിൽനിന്ന് കണ്ടെത്തിയ പുസ്തകങ്ങളുടെയും സീഡികളുടെയും പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
ബംഗാളി പത്രപ്രവർത്തകനായ ബിശ്വജീത് റോയിയുടെ ‘വാർ ആൻഡ് പീസ് ജങ്കിൾമഹൽ: പീപിൾ സ്റ്റേറ്റ് ആൻഡ് മാവോയിസ്റ്റ്’ എന്ന പുസ്തകവും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനെ ലിയോ ടോൾസ്റ്റോയിയുടെ പുസ്തകമായി റിപ്പോർട്ടർമാർ തെറ്റിദ്ധരിക്കുകയായിരുന്നു. ഇക്കാര്യം ഗോൺസാൽവസിെൻറ കോൺസൽ യുഗ് ചൗധരിയും വ്യക്തമാക്കി. പുസ്തകങ്ങളുടെ സ്വഭാവമനുസരിച്ച് താങ്കൾ നിരോധിത സംഘടനയുടെ ഭാഗമാണെന്ന് കരുതാം. എന്തിനാണ് ഇവ സൂക്ഷിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. പട്ടിക തയാറാക്കിയ പൊലീസിെൻറ മോശം കൈയക്ഷരത്തേയും കോടതി വിമർശിച്ചു. പൊലീസ് കണ്ടെത്തിയ പുസ്തകങ്ങൾ നിരോധിച്ചവയല്ലെന്നും എഴുത്തുകാരനും പത്രപ്രവർത്തകനുമായ തെൻറ കക്ഷിക്ക് ചില പുസ്തകങ്ങൾ ജോലിയുടെ ഭാഗമായി ആവശ്യമാണെന്നും വെർനൺ ഗോൽസാവസിെൻറ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസ്’ കൈവശം വെച്ചതിന് ആക്ടിവിസ്റ്റിനോട് വിശദീകരണം തേടിയ ജസ്റ്റിസ് കോട്വാളിെൻറ നടപടി വിചിത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. നവഭാരതത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞായിരുന്നു ജയറാം രമേശിെൻറ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.