നോട്ടുപിൻവലിക്കൽ ധീരമാ‍യ തീരുമാനമെന്ന് ജെയ്റ്റ്ലി  

ന്യൂഡല്‍ഹി: നോട്ടുപിൻവലിക്കൽ ധീരമാ‍യ തീരുമാനമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ബജറ്റ് അവതരണ പ്രസംഗത്തിൽ പറഞ്ഞു. കളളപ്പണം, അഴിമതി, ഭീകരവാദം എന്നിവ നിയന്ത്രിക്കാൻ നോട്ടു പിൻവലിക്കലിലൂടെ സാധിച്ചു. ശക്തവും ശുദ്ധവുമായ ഒരു ജി.ഡി.പി സൃഷ്ടിച്ചെടുക്കാന്‍ നോട്ട് അസാധുവാക്കല്‍ സഹായിച്ചു. അഴിമതി കുറക്കുന്നതിലും സാമ്പത്തികരംഗത്തെ ഡിജിറ്റലാക്കുന്നതിലും നോട്ട് അസാധുവാക്കല്‍ നിര്‍ണായക പങ്കുവഹിച്ചു. ഭാവിയില്‍ നികുതി വരുമാനം കൂട്ടുന്നതിനും സാമ്പത്തികരംഗം സംശുദ്ധമാക്കുന്നതിനും നോട്ട് അസാധുവാക്കല്‍ സഹായിക്കും -ജെയ്റ്റലി പറഞ്ഞു.

ദീർഘകാലത്തേക്ക് രാജ്യത്തിന് ഗുണകരമാകുന്ന നടപടിയാണിത്. ഇതിന്‍റെ പ്രത്യാഘാതങ്ങൾ അധികകാലം നീണ്ടുനിൽക്കില്ലെന്നും പ്രത്യാഘാതം ഉടൻ തീരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി ബില്‍ പാസ്സാക്കുവാന്‍ സഹകരിച്ച പാര്‍ലമെന്റ അംഗങ്ങളോടും സംസ്ഥാന സര്‍ക്കാരുകളോടും നന്ദി രേഖപ്പെടുത്തിയ ജെയ്റ്റലി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ നല്‍കിയ പിന്തുണ വളരെ നിര്‍ണായകമായെന്നും അതിന് അവരോട് സര്‍ക്കാര്‍ കടപ്പെട്ടിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

2017-ല്‍ ലോകത്തേറ്റവും വേഗതയില്‍ വളരുന്ന സാമ്പത്തികശക്തികളില്‍ ഒന്നായിരിക്കും ഇന്ത്യയെന്നാണ് ഐ.എം.എഫിന്‍റെ പ്രവചനമെന്നും ലോകപ്രശസ്തമായ പല സാമ്പത്തിക ഏജന്‍സികളും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജെയ്റ്റലി ചൂണ്ടിക്കാട്ടി. 

നേരത്തെ, ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് അന്തരിച്ച സാഹചര്യത്തിൽ ബജറ്റ് അവതരണം നാളത്തേയ്ക്കു മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റ് നാളത്തേയ്ക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും ഇതു തള്ളിക്കൊണ്ടാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

Tags:    
News Summary - note ban jeitly budget speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.