പാരീസ്: യൂറോപ് സന്ദർശനത്തിനിടെ ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏത് വിധേനയും അധികാരം നേടുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അവരുടെ പ്രവർത്തനങ്ങൾക്ക് ഹിന്ദുവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും രാഹുൽ പറഞ്ഞു. പാരീസിലെ സയൻസസ് പി.ഒ സർവകലാശാലയിൽ സംഘടിപ്പിച്ച സംവാദത്തിലാണ് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും, ഭാരത് ജോഡോ യാത്ര, ഇൻഡ്യ പ്രതിപക്ഷ സഖ്യം, മാറുന്ന ലോകക്രമം മുതലായ വിഷയങ്ങളിലും രാഹുൽ സംസാരിച്ചത്.
ഭഗവത് ഗീതയും പല ഉപനിഷത്തുകളും താൻ വായിച്ചിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു. നിരവധി ഹിന്ദു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ബി.ജെ.പി ചെയ്യുന്ന കാര്യങ്ങളിൽ ഹിന്ദുവുമായി ബന്ധപ്പെട്ട യാതൊന്നുമില്ല. നിങ്ങളേക്കാൾ ബലഹീനരായവരെ ഭയപ്പെടുത്തണമെന്നോ ഉപദ്രവിക്കണമെന്നോ ഒരു ഹിന്ദു പുസ്തകത്തിലും ഞാൻ വായിച്ചിട്ടില്ല. ബി.ജെ.പി ഉയർത്തുന്ന ഹിന്ദു ദേശീയത ഒരു തെറ്റായ വാക്കാണ്. അവർ ഹിന്ദു ദേശീയവാദികളല്ല. അവർക്ക് ഹൈന്ദവതയുമായി ഒരു ബന്ധവുമില്ല. ഏത് വിധേനയും അധികാരം നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. അതിനായി എന്തും ചെയ്യാൻ തയാറാണ്. ഏതാനും ആളുകളുടെ ആധിപത്യമാണ് അവർ ആഗ്രഹിക്കുന്നത്. അതിന് ഹിന്ദുവുമായി ഒരു ബന്ധവുമില്ല -ഹിന്ദു ദേശീയവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുൽ പറഞ്ഞു.
ഇന്ത്യ, അഥവാ ഭാരതം, സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നാണ് ഭരണഘടനയിൽ പറയുന്നതെന്ന് പേരുമാറ്റ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ രാഹുൽ പറഞ്ഞു. ഇന്ത്യയെ, അഥവാ ഭാരതത്തെ രൂപപ്പെടുത്താൻ ഈ സംസ്ഥാനങ്ങൾ ഒരുമിച്ച് ചേരുകയായിരുന്നു. ഈ സംസ്ഥാനങ്ങളിലെ എല്ലാ ജനങ്ങളുടെയും ശബ്ദം ഉച്ചത്തിലും വ്യക്തമായും കേൾക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ശബ്ദവും അടിച്ചമർത്തപ്പെടരുത് -രാഹുൽ പറഞ്ഞു.
വിദേശസന്ദർശനങ്ങളിൽ നേരത്തെയും രാഹുൽ ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ യു.കെ സന്ദർശനത്തിനിടെ ഇന്ത്യയിൽ ജനാധിപത്യം ആക്രമണം നേരിടുകയാണെന്ന രാഹുലിന്‍റെ പ്രസ്താവനയെ ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കി മാറ്റിയിരുന്നു. ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണ് രാഹുലെന്ന് വിമർശിച്ച ബി.ജെ.പി അദ്ദേഹം മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.