ലഖ്നൗ: യു.പി നിയമസഭാ തെരഞ്ഞെടുപ്പിലെ അപൂർവ്വത ചൂണ്ടിക്കാട്ടി എഴുത്തുകാരൻ എൻ.എസ്. മാധവൻ. യു.പിയിലെ 100ാം നിയമസഭാ മണ്ഡലമായ കാസ്ഗഞ്ച് പിടിക്കുന്നവർ യു.പിയിൽ ജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ 40 വർഷമായി ഇത് തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുപിയിലെ ഇറ്റാഹ് ജില്ലയിലാണ് കാസ്ഗഞ്ച് മണ്ഡലം സ്ഥിതി ചെയ്യുന്നത്.
'നാളെ താൻ ഉറ്റുനോക്കുന്നത് കാസ്ഗഞ്ചിലേക്കാണ്. ഏത് പാർട്ടിയാണോ കാസ്ഗഞ്ച് മണ്ഡലത്തിൽ വിജയിക്കുന്നത് അവരാണ് യുപി ഭരിക്കുക 40 വര്‍ഷമായി അങ്ങനെയാണ്. കാസ്ഗഞ്ചിൽ വിജയിക്കൂ, യുപി പിടിക്കൂ' -എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.
നിലവിൽ ബിജെപിയുടെ ദേവേന്ദ്ര സിങ് രജ്പുത് ആണ് കാസ്ഗഞ്ച് എം.എൽ.എ. 2017ലെ തെരഞ്ഞെടുപ്പിൽ 101908 വോട്ടുകൾക്കാണ് ദേവേന്ദ്ര സിങ് രജ്പുത് ബിജെപി എം.എൽ.എ ആകുന്നത്. രണ്ടാം സ്ഥാനത്തെത്തിയത് ബി.എസ്.പി സ്ഥാനാർഥി അജയ് കുമാറാണ്. ഇത്തവണയും കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. ബിജെപി, ബി.എ.സ്പി, എ.സ്പി, ഐ.എൻ.സി എന്നീ പാർട്ടികളാണ് കാസ്ഗഞ്ച് മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. ഫെബ്രുവരി 20നായിരുന്നു മണ്ഡലത്തിലെ വോട്ടെടുപ്പ്. ദേവേന്ദ്ര സിങ് രജ്പുത് തന്നെയാണ് ഇത്തവണയും ബിജെപി സ്ഥാനാർഥി. മൻപാൽ സിങ് (എസ്പി), മുഹമ്മദ് ആരിഫ് (ബിഎസ്പി), മൻപാൽ (എഎപി), കുൽദീപ് കുമാർ (കോൺഗ്രസ്) എന്നിവരടക്കം 11 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
1951ലാണ് കാസ്ഗഞ്ചിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 15734 വോട്ടുകൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിർമൽ സിങാണ് അന്ന് കാസ്ഗഞ്ചിൽ വിജയിച്ചത്. ആറ് തവണയാണ് കോൺഗ്രസിന് കാസ്ഗഞ്ച് മണ്ഡലം പിടിക്കാനായത്. 32963 വോട്ടുകൾക്ക് നെറ്റ് റാം സിങിലൂടെ 1991ലാണ് ബിജെപി കാസ്ഗഞ്ചിൽ അധികാരത്തിലേറുന്നത്. പിന്നീട് നാല് തവണ ബിജെപി കാസ്ഗഞ്ചിൽ വിജയിച്ചുകയറി. കഴിഞ്ഞ തവണ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 312 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എസ്പി 47 സീറ്റുകൾ നേടി. ബിഎസ്പി 19 സീറ്റുകളും കോണ്‍ഗ്രസ് 7 സീറ്റുകളുമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.