ഇന്ത്യൻ കരുത്തുകാട്ടി എൻ.എസ്.ജിയും തേജസും VIDEO

ന്യൂഡൽഹി: രാജ്യം 68ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ രാജ്പഥിൽ നടന്ന സൈനിക വിഭാഗങ്ങളുടെ പരേഡിൽ കരുത്തുകാട്ടി എൻ.എസ്.ജി കമാൻഡോകളും ലൈറ്റ് കോംബാക്റ്റ് യുദ്ധവിമാനം തേജസും.

ബ്ലാക് ക്യാറ്റ് കമാൻഡോകൾ എന്നറിയപ്പെടുന്ന എൻ.എസ്.ജി കമാൻഡോകൾ രാജ്പഥിൽ നടത്തുന്ന ആദ്യ മാർച്ച് പാസ്റ്റാണിത്. 1984ൽ പഞ്ചാബിലെ ബ്ലൂ സ്റ്റാർ സൈനിക നടപടിക്കും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിനും പിന്നാലെയാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) എന്ന പ്രത്യേക സുരക്ഷാ വിഭാഗം കേന്ദ്രസർക്കാർ രൂപീകരിച്ചത്. വി.വി.ഐ.പിയുടെ സുരക്ഷ കൂടാതെ തീവ്രവാദികളിൽ നിന്നും മറ്റ് ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയുമാണ് എൻ.എസ്.ജിയുടെ ദൗത്യം.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ അത്യാധുനിക ലൈറ്റ് കോംബാക്റ്റ് യുദ്ധവിമാനം തേജസിന്‍റെ ആദ്യ ഫ്ളൈ പാസ്റ്റായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലേത്. രാജ്പഥിന്‍റെ മുകളിലൂടെ ഭൂമിയിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണ് മൂന്ന് തേജസ് വിമാനങ്ങൾ പറന്നത്.

എയറോനോട്ടിക്കൽ ഡെവലപ്പ്മെന്‍റ് ഏജൻസി (എ.ഡി.എ) രൂപകൽപന നിർവഹിച്ച തേജസ് വിമാനം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ആണ് നിർമിച്ചത്. 2000 മണിക്കൂർ പരീക്ഷണ പറക്കൽ നടത്തിയ ഈ യുദ്ധവിമാനത്തിന് ഇതുവരെ അപകടം ഉണ്ടായിട്ടില്ല. തേജസ് വിമാനത്തിന്‍റെ നിർമാണം ഒരു വർഷം എട്ട് എന്നത് 16 ആയി ഉയർത്താൻ പ്രതിരോധം മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

1990ലെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം മരുതിന്‍റെ ഫ്ളൈ പാസ്റ്റ് ഇന്ത്യ നടത്തിയിരുന്നു. 1964ൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ഈ യുദ്ധവിമാനം വികസിപ്പിച്ചത്.

Full ViewFull View
Tags:    
News Summary - NSG Commandoes and Tejas Aircraft participate indian Republic Day parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.