ന്യൂഡൽഹി: ആറു പേരുടെ മരണത്തിനിടയാക്കിയ ഹരിയാനയിലെ നൂഹിലും മറ്റിടങ്ങളിലുമുണ്ടായ വർഗീയ സംഘർഷത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ. ചില പോരായ്മകൾ മാത്രമാണ് സംഭവിച്ചതെന്നും കമീഷൻ.
ആക്രമണത്തിൽ പ്രദേശവാസികൾ ഉൾപ്പെട്ടിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണമാണ് സംഭവങ്ങൾക്ക് കാരണമായതെന്നും ചെയർമാൻ ഇഖ്ബാൽ സിങ് ലാൽപുര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗമാണ് സംഘർഷം വ്യാപിക്കാനിടയാക്കിയത്. എന്നാലും ഇതൊരു സംഘടിത കുറ്റകൃത്യമാണെന്ന് പറയാനാവില്ല. നൂഹും ഗുരുഗ്രാമും സന്ദർശിച്ച് കമീഷൻ കാര്യങ്ങൾ വിലയിരുത്തി. ആക്രമണം നടത്തിയവർ പുറത്തുനിന്നുള്ളവരാണെന്നാണ് ആളുകൾ പറയുന്നത്. പ്രാദേശിക മുസ്ലിംകൾ ക്ഷേത്രങ്ങൾ സംരക്ഷിച്ചപ്പോൾ ഹിന്ദുക്കൾ പള്ളികൾ സംരക്ഷിച്ചു. ഈ സൗഹാർദമാണ് അവിടെ കണ്ടത്’ -ലാൽപുര പറഞ്ഞു.
കഴിഞ്ഞ ജൂലൈ 31ന് വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയെ തുടർന്നാണ് നൂഹിൽ സംഘർഷത്തിന് തുടക്കമായത്. ഗുരുഗ്രാമിലും അക്രമസംഭവങ്ങളുണ്ടായി. സിഖുകാർ ഇന്ത്യയിൽനിന്ന് വേർപിരിയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഖലിസ്താൻ വാദത്തിന് പിന്നിൽ ചില തൽപരകക്ഷികളുടെ ഇടപെടലാണെന്നും, ചോദ്യങ്ങൾക്ക് മറുപടിയായി കമീഷൻ ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൻ കെർസി കെ. ദേബൂ, അംഗങ്ങളായ ധന്യകുമാർ ജിനപ്പ ഗുണ്ടെ, റിഞ്ചെൻ ലാമോ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.