ന്യൂഡൽഹി: ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫോൺ, ഇമെയിൽ വിവരങ്ങൾ കേന്ദ്ര സർക്കാർ ചോർത്തുന്നത് അദാനിക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അധികാരവും മോദിയുടെ ആത്മാവും അദാനിക്കൊപ്പമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാമതും മോദി രണ്ടാമതും അമിത് ഷാ മൂന്നാമതുമാണ്. അദാനിക്കെതിരെ എന്തങ്കിലും പറഞ്ഞാൽ ഉടൻ നടപടി തുടങ്ങുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കെ.സി. വേണുഗോപാൽ അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിന്‍റെ ഫോൺ ചോർത്തൽ സന്ദേശം ലഭിച്ചിട്ടുണ്ട്. തന്‍റെ ഓഫീസിലെ മൂന്നു പേരുടെ ഫോൺ ചോർത്തി. എത്ര വിവരങ്ങൾ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും നിങ്ങൾക്ക് തന്‍റെ ഫോൺ വേണമെങ്കിൽ തരാമെന്നും രാഹുൽ വ്യക്തമാക്കി.
ചോർത്തലിന് പിന്നിൽ കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്ത ആക്രമണകാരികളാണ്. ഇത് ക്രിമിനലുകളുടെയും കള്ളന്മാരുടെയും സൃഷ്ടിയാണ്. ഇന്ത്യയുടെ രാഷ്ട്രീയം ഞങ്ങൾ മനസ്സിലാക്കി. ബി.ജെ.പി യുവാക്കളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.
അദാനിക്ക് രക്ഷപ്പെടാൻ കഴിയില്ല. സമയം വരുമ്പോൾ അദാനി സർക്കാറിനെ എങ്ങനെ പുറത്താക്കാമെന്ന് ഞങ്ങൾ കാണിച്ചുതരാം. രാജ്യത്ത് നിലവിൽ നടക്കുന്ന കുത്തകവൽക്കരണത്തിന്‍റെ പ്രതീകമാണ് അദാനി. ബി.ജെ.പിയുടെ സാമ്പത്തികനില അദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു -വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.