ഭുവനേശ്വർ: ട്രെയിൻ ദുരന്തത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ കുന്നുകൂടി ഒഡിഷയിലെ മോർച്ചറികൾ. കൈകാര്യം ചെയ്യാവുന്നതിലധികം മൃതദേഹങ്ങൾ എത്തിയതോടെ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. സ്ഥലപരിമിതിയെ തുടർന്ന് 187 മൃതദേഹങ്ങൾ ജില്ല ആസ്ഥാനമായ ബാലസോറിൽനിന്ന് തലസ്ഥാനമായ ഭുവനേശ്വറിലേക്ക് മാറ്റി.
110 മൃതദേഹങ്ങൾ ഭുവനേശ്വറിലെ എയിംസിലേക്കും ബാക്കിയുള്ളവ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മോർച്ചറികളിലേക്കുമാണ് മാറ്റിയത്. കടുത്ത വേനലിൽ തിരിച്ചറിയുന്നതുവരെ ഇവ കേടുകൂടാതെ സൂക്ഷിക്കുകയെന്നത് വെല്ലുവിളിയാണെന്ന് ഭുവനേശ്വർ എയിംസ് അധികൃതർ പറഞ്ഞു.
40 മൃതദേഹങ്ങൾ സൂക്ഷിക്കാനാണ് എയിംസിൽ സൗകര്യമുള്ളത്. കൂടാതെ, അനാട്ടമി വിഭാഗത്തിലും സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇതിനായി കൂടുതൽ ശവപ്പെട്ടികളും ഐസ്, ഫോർമാലിൻ തുടങ്ങിയ മറ്റു രാസവസ്തുക്കളും വാങ്ങിയതായും അധികൃതർ പറഞ്ഞു.
മരിച്ചവർ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരായതിനാൽ തിരിച്ചറിയുക എന്നത് കടുത്ത വെല്ലുവിളിയാണ്. യാത്രക്കാരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ സ്പെഷൽ റിലീഫ് കമീഷണറുടെയും ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷന്റെയും ഒഡിഷ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ പട്ടികയും മരിച്ചവരുടെ ചിത്രങ്ങളും വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഭുവനേശ്വർ മുനിസിപ്പൽ കമീഷണറുടെ ഓഫിസിൽ കൺട്രോൾ റൂമും തുടങ്ങി.
ന്യൂഡൽഹി: ഒഡിഷ ട്രെയിനപകടത്തിൽപെട്ട ടിക്കറ്റില്ലാത്ത യാത്രക്കാർക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന് റെയിൽവേ. സുപ്രീംകോടതി വിധിയനുസരിച്ചാണിതെന്ന് റെയിൽവേ വക്താവ് അമിതാഭ് ശർമ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തേ റെയിൽവേ 10 ലക്ഷവും പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.