ഒഡീഷ്യയിൽ പൊലീസ് പിടിയിലായ പെൺഭ്രൂണഹത്യ സംഘത്തിലുള്ളവർ

പെൺഭ്രൂണഹത്യ നടത്തുന്ന 13 അംഗ സംഘം ഒഡീഷയിൽ പിടിയിൽ

ഭുവനേശ്വർ: പെൺഭ്രൂണഹത്യ നടത്തുന്ന 13 അംഗ സംഘം ഒഡീഷയിൽ പിടിയിൽ. അനധികൃതമായി ലിംഗനിർണയം നടത്തി കുട്ടികളെ കൊല്ലുന്ന അന്തർസംസ്ഥാന റാക്കറ്റാണ് ബെർഹാംപൂർ പൊലീസിന്‍റെ വലയിലായത്. മുഖ്യപ്രതിയും ആശാ വർക്കറും ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗർഭിണികളുടെ ഭ്രൂണങ്ങൾ ആണോ പെണ്ണോ എന്ന് മനസ്സിലാക്കാൻ അൾട്രാസൗണ്ട് സ്കാനിങിലൂടെ ലിംഗ നിർണയം നടത്തുകയായിരുന്നു ഇവരുടെ രീതി. അങ്കുളിയിലെ ആനന്ദ നഗറിലാണ് അനധികൃത ലിംഗനിർണയ പരിശോധനാ ലാബ് പ്രവർത്തിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യപ്രതിയായ ദുർഗാ പ്രസാദ് നായിക് നടത്തുന്ന ക്ലിനിക്കിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയത്. റെയിഡിന്‍റെ സമയത്ത് 11 ഓളം ഗർഭിണികൾ ഇവിടെ ഉണ്ടായിരുന്നു.

ദുർഗാ പ്രസാദ് നായിക് (41), അക്ഷയ കുമാർ ദലൈ (24), ഹരി മോഹന ദലൈ (42) ഖൊളിക്കോട്ട് സി.എച്ച്‌.സിയിലെ ആശാ വർക്കറായ റിന പ്രധാൻ (40) രവീന്ദ്രനാഥ് സത്പതി (39), കാളി ചരൺ ബിസോയി (38), ഭാബാനഗർ ചക്ക്, സുശാന്ത് കുമാർ നന്ദ (40), പദ്മ ചരൺ ഭൂയാൻ (60), സിബാറാം പ്രധാൻ (37)സുമന്ത കുമാർ പ്രധാൻ (30), ധബലേശ്വർ നായിക് (51), മൈലാപുരി സുജാത (49), സുബാഷ് സി. റൗട്ട് (48) എന്നിവരാണ് പിടിയിലായത്.

മുഖ്യപ്രതി ദുർഗാ പ്രസാദ് നായിക് കഴിഞ്ഞ മൂന്ന് വർഷമായി തന്‍റെ വീടിനോട് ചേർന്ന് ലാബ് നടത്തുകയാണെന്ന് ബെർഹാംപൂർ എസ്.പി ശരവണ വിവേക്. ​​എം പറഞ്ഞു. കുഞ്ഞ് പെണ്ണാണെന്ന് കണ്ടെത്തിയാൽ രക്ഷിതാക്കളുടെ സമ്മതത്തോടെ ഇവിടെ വെച്ച് ഗർഭച്ഛിദ്രം നടത്തും. വിവിധ ലാബ് ഉടമകൾ, ആശുപത്രി ഉടമകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സംഘം പ്രവർത്തിച്ചിരുന്നത്.

2005 മുതൽ ഇന്ത്യയിൽ നിരോധിച്ച പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ ലാബിൽ നിന്ന് കണ്ടെടുത്തതായും എസ്.പി പറഞ്ഞു. ഒരു ലോജിക്യു-ഇ അൾട്രാസൗണ്ട് മെഷീൻ, ലാമിനേറ്റഡ് ലോജിക്യു ബുക്ക് എക്‌സ്‌ പി അൾട്രാസൗണ്ട് മെഷീൻ, അൾട്രാസൗണ്ട് സ്കാനിങിന് ഉപയോഗിക്കുന്ന ട്രാൻസ്മിഷൻ ജെൽ, 18,200 രൂപയും മൊബൈൽ ഫോണും എന്നിവ പൊലീസ് പിടിച്ചെടുത്തു .

അക്ഷയകുമാർ ദലൈയും ഹരമോഹ ദലൈയുമാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഗർഭിണികളെ തിരഞ്ഞെടുത്ത്ദുർഗാ പ്രസാദ് നായക്കിന്‍റെ ലാബിലേക്ക് എത്തിക്കുന്നത്. ആശാ വർക്കറായ റിന പ്രധാൻ ഗ്രാമത്തിൽ നിന്ന് രണ്ട് ഗർഭിണികളെ വ്യാഴാഴ്ച പരിശോധനയ്ക്കായി ലാബിൽ കൊണ്ടുവന്ന് നായിക്കിൽ നിന്ന് കമ്മീഷൻ വാങ്ങിയിരുന്നു. വിവിധ ലാബുകളിലും സ്വകാര്യ ക്ലിനിക്കുകളിലും ജോലി ചെയ്തിരുന്ന മറ്റ് പ്രതികളും ഗർഭിണികളെ ക്ലിനിക്കിലെത്തിച്ച് കമ്മീഷൻ െെകപ്പറ്റിയിരുന്നു.

അറസ്റ്റ് ചെയ്ത എല്ലാ പ്രതികളെയും ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ്.പി എം. ശരവണ വിവേക് പറഞ്ഞു. ആശാവർക്കർമാർ ഉൾപ്പെടെ സംഘത്തിൽ ഇനിയും നിരവധി പേർ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് സംശാസ്പദമായി പ്രവർത്തിക്കുന്ന ലാബുകളിൽ പരിശോധന കർശനമാക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു.

Tags:    
News Summary - Odisha: Foetus sex detection racket busted in Berhampur, 13 held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.