‘ഹിജാബ് ധരിച്ച വിദ്യാർഥികളെ പ്രിൻസിപ്പൽ വെയിലത്ത് നിർത്തി’ -അധ്യാപക അവാർഡ് തടഞ്ഞതിൽ വിശദീകരണവുമായി മന്ത്രി

മംഗളൂരു: കുന്താപുരം ഗവ. പി.യു കോളജ് പ്രിൻസിപ്പൽ ബി.ജെ. രാമകൃഷ്ണക്ക് പ്രഖ്യാപിച്ച മികച്ച അധ്യാപകനുള്ള അവാർഡ് തടഞ്ഞു വെച്ച കർണാടക സർക്കാർ നടപടിയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ രംഗത്ത്. ശിരോവസ്ത്രം ധരിച്ച് കോളജിൽ എത്തിയ വിദ്യാർഥിനികളെ ഗേറ്റിൽ തടഞ്ഞ് പ്രിൻസിപ്പൽ വെയിലത്ത് നിർത്തി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം എന്ന് മന്ത്രി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അവാർഡ് പരാതികൾ ഉയർന്നതിനെ ത്തുടർന്ന് ബുധനാഴ്ച തടഞ്ഞു വെക്കുകയായിരുന്നു.

കഴിഞ്ഞ ബിജെപി സർക്കാർ ഭരണത്തിൽ ശിരോവസ്ത്ര നിരോധം ഏർപ്പെടുത്തിയ വേളയിലാണ് ന്യൂനപക്ഷ വിഭാഗം വിദ്യാർഥികളോട് പ്രിൻസിപ്പൽ ആ രീതിയിൽ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു. അവാർഡിന് തെരഞ്ഞെടുക്കുന്നതിന് അതത് ജില്ല തലത്തിൽ സമിതിയുണ്ട്. സംസ്ഥാനതലത്തിൽ ഉപരി സമിതിയും പ്രവർത്തിക്കുന്നു. ഉപരി സമിതി ശുപാർശ ചെയ്യുന്ന അധ്യാപകരെയാണ് സർക്കാർ അവാർഡിന് തെരഞ്ഞെടുക്കുന്നത്. ഈ ചാനലിലൂടെയാണ് രാമകൃഷ്ണയും അർഹനായത്. എന്നാൽ, പ്രഖ്യാപനം വന്നതോടെ പരാതിയും വിമർശനവും ഉയർന്നു.

വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുക, കോളജ് കവാടത്തിൽ തടയുക, വെയിലത്ത് നിർത്തുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ നിയമം നടപ്പാക്കാൻ ഒരു പ്രിൻസിപ്പൽ നേരിട്ട് ഇറങ്ങി വന്ന് ചെയ്യേണ്ട കാര്യമല്ല. വകുപ്പുതലത്തിൽ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട സമിതികൾ അത് ചെയ്യട്ടെയെന്ന് മന്ത്രി പറഞ്ഞു.

കർണാടകയിൽ ഉഡുപ്പി ജില്ലയിലെ ഉഡുപ്പി ഗവ. പി.യു കോളജിൽ ഹിജാബ് നിരോധനത്തിന് തുടക്കമിട്ടതിന് പിന്നാലെയായിരുന്നു അതേ ജില്ലയിലെ കുന്താപുരം ഗവ. പി.യു കോളജ് പ്രിൻസിപ്പൽ ബി.ജെ. രാമകൃഷ്ണ അമിതാവേശം പ്രകടിപ്പിച്ചത്. ഹിജാബ് ധരിച്ച് വന്ന കുട്ടികളെ കണ്ട് അദ്ദേഹം തന്റെ കാബിനിൽ നിന്ന് ഇറങ്ങിവന്ന് കോളജ് കവാടത്തിൽ തടയുന്നതിന്റെ ദൃശ്യങ്ങൾ സഹിതം പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു. അവകാശം സംബന്ധിച്ച് തർക്കിച്ച വിദ്യാർഥിനികളോട് കോളജ് കമ്മിറ്റി ചെയർമാൻ കുന്താപുരം ബി.ജെ.പി എം.എൽ.എ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിർദേശമാണ് താൻ നടപ്പാക്കുന്നത് എന്നായിരുന്നു രാമകൃഷ്ണ പറഞ്ഞത്.


Tags:    
News Summary - Hijab row: The way principal treated students is an issue, says K’taka Edu Minister on withholding award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.