ഭുവനേശ്വർ: ഒട്ടിച്ചേർന്ന തല വേർപെടുത്തിയ സയാമീസ് ഇരട്ടകളിൽ ഒരാൾ ഡൽഹിയിലെ എയിംസിൽ സുഖം പ്രാപിക്കുന്നു. എന്നാൽ, മേറ്റ കുട്ടിയുടെ നിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് ഒഡിഷസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
29 മാസം മാത്രം പ്രായമുള്ള ഒഡിഷക്കാരായ ജഗയുടെയും കാലിയയുടെയും 22 മണിക്കൂർ നീണ്ട മാരത്തൺ ശസ്ത്രക്രിയ ഒക്ടോബർ 25, 26 തീയതികളിലാണ് എയിംസിൽ നടന്നത്. കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ഒഡിഷസർക്കാർ നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി പ്രതാപ് ജെന പറഞ്ഞു.
കാലിയയുടെ ആരോഗ്യത്തിൽ കാര്യമായ മാറ്റമില്ലെന്നും എപ്പോഴും ഉറങ്ങുന്ന അവസ്ഥയിലാണ് കുട്ടിയെന്നും ജെന അറിയിച്ചു. കാലിയയെ നവംബർ നാലിന് രണ്ടാമതൊരു ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
തല വേർപെടുത്തിയ ഭാഗത്ത് തലേയാട്ടിയിലേക്ക് അനാവശ്യമായി നീങ്ങിക്കിടന്ന തൊലി നീക്കം ചെയ്യാനായിരുന്നു ഇത്. അതേസമയം, ജഗ സാധാരണനിലയിൽ ഭക്ഷണം കഴിക്കാനും കളിക്കാനും ചിരിക്കാനുമൊക്കെ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയനാക്കി ഒരാഴ്ചക്കുള്ളിൽതന്നെ ജഗയെ വെൻറിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. നവംബർ ഒന്നിന് ജനറൽ വാർഡിലേക്കും മാറ്റി. ജൂലൈ പതിനാലിനാണ് ഇരുവരെയും എയിംസിൽ പ്രവേശിപ്പിച്ചത്. 30 ലക്ഷത്തിൽ ഒന്ന് എന്ന നിലയിലാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ പിറക്കുക. ഇങ്ങനെ ജനിക്കുന്നവരിൽ 50 ശതമാനവും 24 മണിക്കൂറിനുള്ളിൽതന്നെ മരണമടയുമെന്ന് ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.