ഭുവനേശ്വർ: ഒഡിഷയിൽ സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി ഭാര്യയെ 55കാരന് വിറ്റ 17കാരൻ അറസ്റ്റിൽ. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരനായ രാജസ്ഥാൻ സ്വദേശിക്ക് വിൽക്കുകയായിരുന്നു.
26കാരിയെ രാജസ്ഥാനിലെ ബാരനിൽനിന്ന് പൊലീസ് രക്ഷെപ്പടുത്തി. രാജസ്ഥാനിലെ ഗ്രാമത്തിൽനിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികൾ തടഞ്ഞിരുന്നു. യുവതിയെ പണം നൽകി 55കാരൻ വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികൾ തടയുകയായിരുന്നു.
ജൂലൈയിലായിരുന്നു 17കാരന്‍റെയും യുവതിയുടെയും വിവാഹം. 'ആഗസ്റ്റിൽ ഇരുവരും രാജസ്ഥാനിൽ ഇഷ്ടിക ചൂളയിൽ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച് ദിവസങ്ങൾക്കകം 17കാരൻ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വിൽക്കുകയായിരുന്നു' ബേൽപാഡ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബുലു മുണ്ട പറഞ്ഞു.
ഭാര്യയെ വിറ്റുകിട്ടിയ പണം കൗമാരക്കാരൻ സ്മാർട്ട് ഫോൺ വാങ്ങിയും ഭക്ഷണം കഴിച്ചും തീർക്കുകയായിരുന്നു. പിന്നീട് 17കാരൻ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു മറുപടി.
എന്നാൽ, യുവതിയുടെ കുടുംബം യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കോൾ റെക്കോർഡുകൾ പരിശോധിച്ചതോടെ കൗമാരക്കാരന്‍റെ കള്ളം പൊളിഞ്ഞു.
ഇതോടെ പൊലീസ് രാജസ്ഥാനിലെത്തി യുവതിയെ കണ്ടുപിടിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. 17കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം കറക്ഷനൽ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.