ജമ്മു കശ്മീർ: നിയന്ത്രണരേഖയിൽ ഇന്ത്യൻ പട്രോളിങ് സംഘത്തിനുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ മേജർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കുണ്ട്. രജൗരി ജില്ലയിൽ ശനിയാഴ്ച ഉച്ചക്ക് 12.15ഒാടെയായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ മേജർ മൊഹർകർ പ്രഫുല്ല അംബാദാസ് (32), പഞ്ചാബ് സ്വദേശിയായ ലാൻസ് നായിക് ഗുർമെയിൽ സിങ് (34), ഹരിയാനയിൽ നിന്നുള്ള ശിപായ് പർഗത് സിങ് (30), ശിപായി ഗുർമീത് സിങ് എന്നിവരാണ് മരിച്ചത്.
അതിർത്തി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സംഘത്തിന് നേരെ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് പാക് സൈന്യം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്ദംപുരിലെ പ്രതിരോധവകുപ്പ് വക്താവ് കേണൽ എൻ.എൻ. ജോഷി അറിയിച്ചു. പരിക്കേറ്റ രണ്ടുപേരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇന്ത്യൻ സംഘം ശക്തമായ തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇൗ വർഷം പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ 300ഒാളം ആക്രമണങ്ങളിൽ സൈനികരും പ്രദേശവാസികളുമടക്കം 12ഒാളം പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി, ഉപമുഖ്യമന്ത്രി ഡോ. നിർമൽ സിങ് എന്നിവർ മരിച്ചവരുടെ കുടുംബങ്ങളെ ദുഃഖം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.