കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി ദാമൻ-ദിയു സിൽവസ്സയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർകൂടിയായ ഇദ്ദേഹം 2016 മുതൽ ദാമൻ-ദിയുവിലെയും ചുമതല വഹിക്കുന്നുണ്ട്.
പ്രഫുൽ പട്ടേൽ 400 കോടിയുടെ നിർമാണക്കരാറുകൾ തനിക്ക് വേണ്ടപ്പെട്ടവർക്ക് നൽകിയെന്നും ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 17.5 കോടി ധൂർത്തടിെച്ചന്നും ആരോപിച്ചാണ് മുഴുവൻ ഉദ്യോഗസ്ഥരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചത്. വികസനത്തിെൻറ മറവിൽ പട്ടേൽ നടത്തുന്ന പ്രവർത്തനങ്ങൾ ദുരൂഹമാണെന്ന് അവർ പറയുന്നു. ഒരു ആർക്കിടെക്ടുപോലുമല്ലാത്ത അമിത് ജയന്തിലാൽ ഷാ എന്നയാൾക്ക് കരാറുകൾ നൽകുന്നത് അന്വേഷിക്കണം.
പ്രഫുൽ പട്ടേലിെൻറ മകനും അദ്ദേഹത്തിന്റെ കമ്പനിയായ അറാറത്ത് അസോസിയേറ്റ്സുമായി ബന്ധപ്പെട്ട ആളാണ് ജയന്തിലാൽ ഷാ. വികസനത്തിെൻറ പേരിൽ അഞ്ച് ഘട്ടത്തിലായാണ് ഇടപാടുകൾ നടന്നത്. തീരദേശ വികസനം, റോഡ് വീതികൂട്ടൽ എന്നിവക്ക് പദ്ധതി രൂപരേഖ തയാറാക്കാൻ വിവാദ കമ്പനിയെ ഏൽപിച്ചതായിരുന്നു തുടക്കം. തുടർന്ന് സ്ഥലത്തെ മികച്ച എൻജിനീയർമാരെയും ഉദ്യോഗസ്ഥരെയും മാറ്റിനിർത്തി അഡ്മിനിസ്ട്രേറ്ററുടെ ഇഷ്ടക്കാരനായ ബി.സി. വാർലിയെ എല്ലാ പ്രവർത്തനങ്ങളുടെയും തലപ്പത്ത് നിയമിച്ചു. നിർമാണത്തിന് വിവിധ കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കുകയും ഇതിൽ യോഗ്യതയില്ലാത്ത ജയന്തിലാൽ ഷായുടെ കമ്പനിയെ തെരഞ്ഞെടുക്കുകയും ചെയ്തെന്ന് അവർ ആരോപിച്ചു. ഇത് തെളിയിക്കുന്ന രേഖകളടക്കമാണ് പരാതി.
സമാനരീതിയിലാണ് അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിലിലും ഇടപെടുന്നതെന്ന് ഇതോടെ വ്യക്തമാകുകയാണെന്ന് ദ്വീപുവാസികൾ ആരോപിച്ചു. വികസനത്തിെൻറ പേരുപറഞ്ഞ് ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത് കുത്തക കമ്പനികൾക്ക് വേണ്ടിയാണെന്നും അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.