ന്യുഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കൂടികാഴ്ച നടത്തി പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു. കോൺഗ്രസിൽ ചേരാനുള്ള വാഗ്ദാനം കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ നിരസിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ച നടന്നത്. പ്രശാന്ത് കിഷോറിനൊപ്പമുള്ള ചിത്രവും സിദ്ദു തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
"എന്റെ പഴയ സുഹൃത്ത് പി.കെയുമായി കൂടികാഴ്ച നടത്തി. പഴയ വീഞ്ഞും പഴയ സ്വർണവും പഴയ സുഹൃത്തുക്കളും എപ്പോഴും മികച്ചതാണ്" - ചിത്രത്തിന് താഴെ സിദ്ദു ട്വീറ്റ് ചെയ്തു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേരാനും അതിന്റെ എംപവേർഡ് ആക്ഷൻ ഗ്രൂപ്പിന്റെ ഭാഗമാകാനുമുള്ള അവസരമായിരുന്നു പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങളും പുതിയ തന്ത്രങ്ങളും വിശദീകരിക്കുന്ന തന്‍റെ പദ്ധതിയെക്കുറിച്ച് കിഷോർ കോൺഗ്രസിന്‍റെ ഉന്നത നേതാക്കളുമായി ചർച്ച നടത്തുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു കാര്യങ്ങളിൽ പൂർണ അധികാരം തനിക്ക് നൽകണമെന്ന പ്രശാന്ത് കിഷോറിന്‍റെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയാറായില്ല. മറുഭാഗത്ത് തങ്ങളുമായി സഹകരിക്കുകയാണെങ്കിൽ പ്രശാന്ത് കിഷോർ മറ്റു രാഷ്ട്രീയ പാർട്ടികളുമായി കരാറുണ്ടാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനദ്ദേഹം തയാറായില്ല. ഇതോടെ കോൺഗ്രസിന്‍റെ ഭാഗമാവേണ്ട തീരുമാനത്തിൽ പ്രശാന്ത് കിഷോർ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.