ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

ന്യൂഡൽഹി: 18ാം ലോക്സഭയുടെ സ്പീക്കറെ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. എൻ.ഡി.എ സ്ഥാനാർഥിയായി മുൻ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിർളയും പ്രതിപക്ഷ ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി മുതിർന്ന കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി. ബുധനാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. ചരിത്രത്തിലാദ്യമായാണ് ലോക്സഭ സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ലോക്സഭ സ്പീക്കർ പദവിയിൽ ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നതാണ് സഭയിലെ കീഴ്വഴക്കം. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയാൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായമാകാമെന്ന് പ്രതിപക്ഷം അംഗീകരിച്ചിരുന്നു. എന്നാൽ, ഈയൊരു നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഇതോടെയാണ് സ്പീക്കർ സ്ഥാനത്തേക്കും മത്സരം ഒരുങ്ങിയത്. 


കൊടിക്കുന്നിൽ സുരേഷ് പത്രിക നൽകാനെത്തിയപ്പോൾ

ഇതുവരെയുള്ള ലോക്സഭകളിൽ ഏകകണ്ഠ്യേനയായിരുന്നു സ്പീക്കറെ തെരഞ്ഞെടുത്തത്. 2014ൽ ഒന്നാം മോദി സർക്കാറിന്‍റെ സഭയിൽ സുമിത്ര മഹാജനാണ് സ്പീക്കറായത്. എന്നാൽ, പ്രതിപക്ഷത്തിന് സ്പീക്കർ പദവി നൽകുന്ന കീഴ്വഴക്കം ലംഘിച്ചുകൊണ്ട് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ എം. തമ്പിദുരൈക്കാണ് അന്ന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയത്. 2019ൽ ഓം ബിർള സ്പീക്കറായി. എന്നാൽ, ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാൻ എൻ.ഡി.എ സർക്കാർ തയാറായില്ല. 2019 മുതൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 

രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പിയാണ് 61കാരനായ ഓം ബിർള. 2014 മുതൽ തുടർച്ചയായ മൂന്ന് തവണയും ഓം ബിർളയാണ് കോട്ടയിൽ വിജയിച്ചത്. ഇത്തവണ 41,974 വോട്ടിന് കോൺഗ്രസിലെ പ്രഹ്ലാദ് ഗുൻജാലിനെ പരാജയപ്പെടുത്തിയത്. 

എട്ടാംതവണ ലോക്സഭയിലെത്തിയ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിൽ നിന്ന് 10,868 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ വിജയിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവായ അദ്ദേഹം ലോക്സഭയിൽ കോൺഗ്രസിന്‍റെ ചീഫ് വിപ്പായിരുന്നു. 

Tags:    
News Summary - Om Birla vs K Suresh for Speaker, government-opposition consensus collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.