ന്യൂഡൽഹി: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബാദർ ഹമദ് ഹാമൂദ് അൽ ബുസെയ്ദി രണ്ടു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിൽ. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അദ്ദേഹത്തെ സ്വീകരിച്ചു. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ ബുസെയ്ദിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
രണ്ടു രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി വിദേശകാര്യ മന്ത്രിമാർ ബുധനാഴ്ച വിലയിരുത്തി. സമീപകാലത്തെ മേഖല, അന്താരാഷ്ട്ര സംഭവവികാസങ്ങൾ വിലയിരുത്തിയതായും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയും ഒമാനും കൂടുതൽ സഹകരണത്തോടെയാണ് മുന്നോട്ടു നീങ്ങിയത്. ഒമാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തെ ഉഭയകക്ഷി വ്യാപാരം ഇതുവരെ 750 കോടി ഡോളറിന്റേതാണ്. 6.20 ലക്ഷം ഇന്ത്യൻ പ്രവാസികളുള്ള ഒമാനുമായുള്ള ജനബന്ധവും ഊഷ്മളമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ഡൽഹിയിലെത്തിയ ഒമാൻ വിദേശകാര്യ മന്ത്രി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തും. ആറരക്ക് മസ്കത്തിലേക്ക് മടങ്ങും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.