ശ്രീനഗർ: ജമ്മു-കശ്മീരിെന്റ പ്രത്യേക പദവി റദ്ദാക്കുകയും 234 ദിവസം തടങ്കലിലടക്കപ്പെടുകയും ചെയ്ത് രണ്ടു വർഷങ്ങൾക്കിപ്പുറം നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ആ ദിവസങ്ങളെക്കുറിച്ച് മനസ്സ് തുറന്നു: ''അങ്ങേയറ്റം അസ്വസ്ഥനായിരുന്നു ഞാൻ. എന്നാൽ, രാഷ്ട്രീയക്കാർക്ക് അധികനാൾ ദുഃഖിച്ചിരിക്കാനുള്ള അവകാശമില്ലെന്ന് തിരിച്ചറിഞ്ഞു.
ഭരണഘടനാപരമായ മൗലികാവകാശങ്ങൾക്കായി പോരാടുന്ന ജനങ്ങളെ നിരാശപ്പെടുത്താൻ കഴിയുമായിരുന്നില്ല. 370ാംവകുപ്പ് അസാധുവാക്കിയും സംസ്ഥാനത്തെ ജമ്മു -കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചും ആഗസ്റ്റ് അഞ്ചിലെ 'പെട്ടെന്നുള്ളതും അപ്രതീക്ഷിതവും ഭരണഘടനാ വിരുദ്ധവുമായ പ്രഹരം'' മിക്ക ആളുകളെയും ഞെട്ടിച്ചുവെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഉമർ അബ്ദുല്ല പറഞ്ഞു. ''ആ സാഹചര്യത്തിൽ സാധ്യമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻപോലും ബുദ്ധിമുട്ടായി. 'മഴവില്ലു വേണമെങ്കിൽ മഴയെ സഹിക്കണം' എന്നൊരു ചൊല്ലുണ്ട്. ഞാനിപ്പോൾ ജനങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നു. സുപ്രീംകോടതിയിൽ പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും ഒരുനാൾ ജമ്മു-കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അേദ്ദഹം പ്രത്യാശ പ്രകടിപ്പിച്ചു. ജമ്മു- കശ്മീരിലെ മുഖ്യധാരാ നേതാക്കളുമായി ജൂൺ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയെക്കുറിച്ചുള്ള ചോദ്യത്തിന്, അർഥവത്തായ ഫലങ്ങൾ കൈവരിക്കാൻ ഈ സംരംഭം പിന്തുടരണമെന്നായിരുന്നു മറുപടി. അതിെൻറ തുടർച്ചക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കാൻപോലും ആളുകളെ അനുവദിച്ചിട്ടില്ല. ഒരു സമ്പൂർണ സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ ജനങ്ങൾക്ക് നഷ്ടപ്പെടുത്തുന്നത് തുടരാനാവില്ല. സംസ്ഥാന പദവി പുനഃസ്ഥാപിച്ച് ശേഷം നിയമസഭാ തെരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടത്. ഭാവിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു. നിയമസഭയിൽ ഇല്ലെങ്കിലും ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.