ശ്രീനഗർ: ലോക്സഭ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവിയേറ്റുവാങ്ങിയ ഉമർ അബ്ദുല്ല നാല് മാസത്തിനുശേഷം ജമ്മു- കശ്മീരിൽ മുഖ്യമന്ത്രി കസേരയിൽ. എഞ്ചിനീയർ റഷീദ് എന്ന അബ്ദുൽ റഷീദ് ഷെയ്ഖിനോട് ബാരമുല്ലയിൽ രണ്ട് ലക്ഷത്തിലേറെ വോട്ടിനാണ് ഉമർ അബ്ദുല്ല ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റത്. ഉമറിന്റെ രാഷ്ട്രീയജീവിതം മങ്ങിയെന്നും ജനപിന്തുണ നഷ്ടമായെന്നും പ്രചരിപ്പിച്ചവർക്കുള്ള തിരിച്ചടിയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ് വിജയം.
ബി.ജെ.പിയുടെ അട്ടിമറി ഭീഷണിയില്ലാതെ വ്യക്തമായ ഭൂരിപക്ഷമാണ് നിയമസഭയിൽ നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിനുള്ളത്. സംസ്ഥാനപദവി കിട്ടാതെ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ഉമർ അബ്ദുല്ല പിന്നീട് നിലപാട് മാറ്റി. മത്സരിച്ച രണ്ടിടത്തും ജയിച്ചു.
1998ൽ 28ാം വയസ്സിൽ ലോക്സഭാംഗമായ ഉമർ, 99ൽ എ.ബി. വാജ്പേയ് മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെതുടർന്ന് ബി.ജെ.പി മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. 2002ൽ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റ ഉമർ, 2004ൽ വീണ്ടും ലോക്സഭാംഗമായി. 2009ൽ മുഖ്യമന്ത്രിയായിരുന്നു.
ജമ്മു- കശ്മീർ ദീർഘനാളത്തേക്ക് കേന്ദ്രഭരണ പ്രദേശമായി തുടരില്ലെന്നും പൂർണ സംസ്ഥാന പദവി വീണ്ടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ശബ്ദമാകുക എന്നതാണ് സർക്കാറിന്റെ ആദ്യ ദൗത്യമെന്നും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഉമർ അബ്ദുല്ല വ്യക്തമാക്കി.
സർക്കാറിന് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ ശബ്ദമാകും. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് തുടക്കം മുതൽ ലക്ഷ്യമിടുന്നത്. മന്ത്രിസഭയിൽ ചേരണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. അവരുമായി ചർച്ച നടത്തിയിട്ടുണ്ട്. മന്ത്രിസഭയിലെ മുഴുവൻ ഒഴിവുകളും നികത്തുന്നില്ലെന്നും ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലൂടെ ജനങ്ങളുടെ ശബ്ദം വലുതാകുമെന്നും പ്രവർത്തനക്ഷമമായ മാധ്യമങ്ങളില്ലാതെ ജനാധിപത്യമുണ്ടാകില്ലെന്നും ഉമർ അബ്ദുല്ല അഭിപ്രായപ്പെട്ടു. ആറ് വർഷത്തിനുള്ളിൽ ഒരുപാട് പാഠങ്ങൾ പഠിച്ചെന്നും വരുത്തിയ ചില തെറ്റുകൾ ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.