ബംഗളൂരു: കൊറോണയുടെ ഒമിക്രോൺ വകഭേദം രണ്ടു പേരിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർണാടക സർക്കാർ നിയന്ത്രണം കടുപ്പിച്ചു. സംസ്ഥാനത്തെ മാളുകൾ, സിനിമ തിയറ്ററുകൾ, മൾട്ടിപ്ലക്സുകൾ തുടങ്ങിയവയിൽ രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമെ പ്രവേശിക്കാനാവൂ. വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗശേഷമാണ് മാർഗനിർദേശം പുറത്തിറക്കിയത്.
18 വയസ്സിന് താഴെ സ്കൂൾ, കോളജ് വിദ്യാർഥികളുടെ മാതാപിതാക്കൾ നിർബന്ധമായും രണ്ടു ഡോസ് വാക്സിനെടുക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സാംസ്കാരിക പരിപാടികളും മറ്റ് ആഘോഷങ്ങളും 2022 ജനുവരി 15 വരെ മാറ്റിവെക്കണമെന്ന് ഉത്തരവിലുണ്ട്. അടിയന്തര പ്രാധാന്യത്തോടെ എല്ലാ ജില്ലകളിലും പുതിയ മാർഗനിർദേശം നടപ്പാക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് ഉത്തരവിൽ പറയുന്നു. കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധന തുടരും.
അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കും. പൊതുപരിപാടികൾ, യോഗങ്ങൾ, സമ്മേളനങ്ങൾ, മറ്റ് കൂടിച്ചേരലുകൾ എന്നിവക്കെല്ലാം പരമാവധി 500 പേരെ പങ്കെടുപ്പിക്കാവൂ. ആരോഗ്യപ്രവർത്തകർ, 65വയസ്സിന് മുകളിലുള്ളവർ, അസുഖബാധിതർ എന്നിവരെ സർക്കാർ കോവിഡ് പരിശോധനക്ക് വിധേയമാക്കും.
എല്ലാ സർക്കാർ ജീവനക്കാരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവരിൽനിന്ന് മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ 250 രൂപയും ഗ്രാമീണ മേഖലയിൽ 100 രൂപയും പിഴ ഈടാക്കും. രോഗ വ്യാപനം തടയാനായി മൈക്രോ കണ്ടെയ്ൻമെൻറ് നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.