തത്സമയ കാമറകള്‍ക്ക് മുന്നില്‍, പൊലീസ് വലയത്തിൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം; പിന്നാലെ ജയ് ശ്രീറാം വിളി

ലഖ്നോ: തത്സമയ കാമറകള്‍ക്ക് മുന്നില്‍, കനത്ത പൊലീസ് വലയത്തിലായിരുന്നു ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‍വാദി പാർട്ടി മുൻ എം.പിയുമായ ആതിഖ് അഹ്മദും സഹോദരൻ അഷ്റഫ് അഹ്മദും വെടിയേറ്റ് കൊല്ലപ്പെടുന്നത്.

പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളജിലേക്ക് വൈദ്യ പരിശോധനക്ക് എത്തിയ ആതിഖും സഹോദരനും, ജീപ്പിൽനിന്നിറങ്ങി നടന്നുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇരുവർക്കും നേരെ വെടിയുതിർത്തത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരാൾ ആതിഖിന്‍റെ തലക്ക് തോക്കു ചേർത്ത് പിടിച്ച് വെടിവെക്കുന്നത് കാമറ ദൃശ്യങ്ങളിൽ കാണാം. ആതിഖ് വെടിയേറ്റു വീണതിനു പിന്നാലെ സഹോദരൻ അഷ്റഫിനു നേരെയും അക്രമികൾ നിരവധി തവണ വെടിയുതിർത്തു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ സുരക്ഷാ സന്നാഹങ്ങളെ ചോദ്യം ചെയ്യുന്നതാണ് കൊലപാതകം. മകന്റെ അന്ത്യകര്‍മങ്ങളിൽ ആതിഖ് അഹ്മദിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയാണ് കൊലപാതകം. ‘അവർ കൊണ്ടുപോയില്ല, അതിനാൽ പോയില്ല’ -എന്നായിരുന്നു മാധ്യമങ്ങളോട് ആതിഖ് പറഞ്ഞത്. ചോദ്യങ്ങൾക്ക് നടന്നുകൊണ്ട് മറുപടി നൽകുന്നതിനിടെയാണ് പോയിന്‍റ് ബ്ലാങ്കിൽ അക്രമികൾ ആതിഖിനു നേരെ വെടിവെച്ചത്. തൊട്ടടുത്ത നിമിഷം തന്നെ സഹോദരന് നേരെയും വെടിവെപ്പുണ്ടായി.

14 റൗണ്ടോളം അക്രമികള്‍ വെടിയുതിര്‍ത്തു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് അക്രമികള്‍ എത്തിയതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു. ഉടൻ തന്നെ അക്രമികളെ പോലീസ് കീഴടക്കി. ലവ് ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരാണ് പിടിയിലായത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഉമേഷ് പാൽ വധക്കേസില്‍ പൊലീസ് റിമാന്‍ഡില്‍ കഴിയുന്ന ഇരുവര്‍ക്കും ദിവസവും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യപരിശോധനക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. അതിഖിന്റെ മകന്‍ ആസാദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - On Camera, Gangster Atiq Ahmed, Brother Shot Dead In Presence Of Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.